കൊളംബോ: കൊളംബോയിലെ തിരക്കേറിയ പഞ്ചനക്ഷത്രഹോട്ടലായ സിനമൺ ഗ്രാൻഡിലെ ബുഫെ പ്രഭാതഭക്ഷണത്തിനുള്ള വരിയിൽനിന്നാണ് ചാവേർ പൊട്ടിത്തെറിച്ചത്. മുഹമ്മദ് അസം മുഹമ്മദെന്നയാളായിരുന്നു ചാവേറെന്ന് സിനമൺ ഗ്രാൻഡിലെ പേരുവെളിപ്പെടുത്താത്ത മാനേജർമാരിലൊരാൾ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ശനിയാഴ്ച രാത്രിയാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്.

‘ഈസ്റ്ററായതിനാൽ ഹോട്ടലിലെ റെസ്റ്റോറന്റിൽ നല്ല തിരക്കുണ്ടായിരുന്നു. രാവിലെ ഏതാണ്ട് 8.30 കഴിഞ്ഞിട്ടുണ്ടാകും. കൂടുതലും കുടുംബങ്ങളായിരുന്നു റെസ്റ്റോറന്റിൽ. അയാൾ തന്റെ പ്ലേറ്റുമായി വരിയിലെത്തി. ഏതാണ്ട് വരിയുടെ മുൻഭാഗത്തേക്കെത്തിയപ്പോഴേക്കും സ്ഫോടനം നടന്നു. അതിഥികളെ സ്വീകരിക്കുന്ന ചുമതലയുള്ള ഞങ്ങളുടെ മാനേജർമാരിലൊരാളും കൊല്ലപ്പെട്ടു. ചാവേറിന്റെ ശരീരം ചിതറിത്തെറിച്ചിരുന്നു. പോലീസാണ് അത് നീക്കം ചെയ്തത്.

ബിസിനസ് ആവശ്യത്തിനായി വന്നുവെന്നാണ് അയാൾ പറഞ്ഞത്. തന്നിരുന്ന മേൽവിലാസവും വ്യാജമായിരുന്നു. ആക്രമണമുണ്ടായതോടെ ആകെ പകച്ചുപോയി. എന്നാൽ പരിക്കേറ്റവരെ പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രികളിലേക്കെത്തിച്ചു -മാനേജർ പറഞ്ഞു.

content highlights: Sri Lanka attacks