കൊളംബോ: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ സ്ഫോടനപരമ്പര നടത്തിയ ചാവേറുകളിൽ ചിലർ പരിശീലനത്തിനും മറ്റുമായി കേരളത്തിലും കശ്മീരിലും കർണാടകത്തിലെ ബെംഗളൂരുവിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കൻ സൈനികമേധാവി മഹേഷ് സേനാനായകെ. ഇതാദ്യമായാണ് ചാവേറുകൾ ഇന്ത്യയിലെത്തിയിരുന്നുവെന്ന് ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ബി.ബി.സി.ക്ക്‌ നൽകിയ അഭിമുഖത്തിലാണ് സേനാനായകെയുടെ വെളിപ്പെടുത്തൽ.

ആക്രമണത്തിനുള്ള പരിശീലനം നേടാനോ മറ്റ് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം ശക്തമാക്കുന്നതിനോ ആണ് ചാവേറുകൾ ഇന്ത്യയിലെത്തിയത്. കശ്മീരിനും കേരളത്തിനും പുറമേ കർണാടകത്തിലെ ബെംഗളൂരുവിലും ഇവർ എത്തി‌യിരുന്നു. ചാവേറാക്രമണത്തെക്കുറിച്ച് ഇന്ത്യ മുന്നറിയിപ്പുനൽകിയിട്ടും ഭീഷണി ഗൗരവമായി എടുക്കാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിന് സാഹചര്യങ്ങളും സൈനിക ഇന്റലിജൻസും ഒരു വഴിക്കും മറ്റുള്ളവർ മറ്റൊരു വഴിക്കും ചിന്തിച്ചതുകൊണ്ടാണ് സുരക്ഷാവീഴ്ചയുണ്ടായതെന്നും സേനാനായകെ പറഞ്ഞു.

സൈനിക ഇന്റലിജൻസും സർക്കാരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വിടവാണ് തിരിച്ചടിക്ക് കാരണം. സുരക്ഷാവീഴ്ചയിൽ ഇന്റലിജൻസിനും ദേശീയസുരക്ഷയുടെ ചുമതല കൈയാളുന്ന രാഷ്ട്രീയനേതൃത്വങ്ങളുൾപ്പെടെയുള്ള മുഴുവൻപേർക്കും ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ പത്തുവർഷം ശ്രീലങ്കയിൽ വലിയ സമാധാനമുണ്ടായിരുന്നു. ഒരുപാട് സ്വാതന്ത്ര്യവുമനുഭവിച്ചു. 30 വർഷത്തോളം രാജ്യത്ത് എന്തായിരുന്നു അവസ്ഥയെന്ന് ജനങ്ങൾ മറന്നുപോയി. ജനങ്ങൾ സമാധാനം ആസ്വദിക്കുന്നതിനിടയ്ക്ക് സുരക്ഷയെ അവഗണിച്ചു. ശ്രീലങ്കയെ ചാവേറുകൾ ലക്ഷ്യമിടാനുള്ള കാരണം ഇതൊക്കെയാണ്.

സുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനും രാജ്യത്ത് അക്രമങ്ങളും വർഗീയസംഘർഷങ്ങളും ഇല്ലാതാക്കാനുമാണ് സൈന്യത്തെ നിയോഗിച്ചത്. സൈന്യത്തെയും പോലീസിനെയും വിശ്വാസത്തിലെടുക്കണമെന്നും രാജ്യം വളരെവേഗം സാധാരണനിലയിലേക്ക് മടങ്ങിവരുമെന്നും സേനാനായകെ പറഞ്ഞു.

കശ്മീർ സന്ദർശിച്ചെന്ന വാദം ഇന്ത്യ തള്ളി

ശ്രീനഗർ: ശ്രീലങ്കയിലെ പള്ളികളിൽ ഈസ്റ്റർദിനത്തിൽ സ്ഫോടനം നടത്തിയ 12 ചാവേറുകളിൽ ചിലർക്ക് കശ്മീരിൽ പരിശീലനം ലഭിച്ചെന്ന ശ്രീലങ്കൻ സൈനികമേധാവി മഹേഷ് സേനാനായകെയുടെ അവകാശവാദം ഇന്ത്യ തള്ളി. ഈ വാദത്തിനു പിൻബലമേകുന്ന തെളിവുകളൊന്നുമില്ലെന്നും ശ്രീലങ്കൻ രഹസ്യാന്വേഷണവിഭാഗം ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നും രഹസ്യാന്വേഷണവിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ വാദത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പിന്താങ്ങി.

Content Highlights: Sri Lanka attack, Kerala