കൊളംബോ: ശ്രീലങ്കയിൽ 2019-ലെ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരകളുമായി ബന്ധപ്പെട്ട് പാർലമെന്റംഗം അറസ്റ്റിൽ. ഓൾ സിലോൺ മക്കൾ പാർട്ടി നേതാവ് റിഷാദ് ബതിയുദ്ദീൻ, സഹോദരൻ റിയാജ് എന്നിവരെയാണ് ശനിയാഴ്ച പോലീസ് അറസ്റ്റുചെയ്തത്. ഭീകരപ്രവർത്തനം തടയൽ നിയമപ്രകാരമാണ് അറസ്റ്റെന്ന് പോലീസ് വക്താവ് അറിയിച്ചു. കൊളംബോയിലെ ഇവരുടെ വീട്ടിൽ തിരച്ചിൽ നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിയിലും ആഡംബര ഹോട്ടലുകളിലുമായുണ്ടായ സ്ഫോടനങ്ങളിൽ 279 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ചാവേറുകളായവരുമായി റിഷാദിനും സഹോദരനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണസംഘം പറയുന്നു.