കൊളംബോ: ഇന്ത്യയുൾപ്പെടെ 48 രാജ്യങ്ങളിലെ പൗരന്മാർക്കായി ഏർപ്പെടുത്തിയ തത്സമയ വിസാസൗകര്യം ശ്രീലങ്ക ഏപ്രിൽ 30 വരെ നീട്ടി. കൊറോണ ഭീഷണിയെത്തുടർന്ന് രാജ്യത്തേക്ക് വിനോദസഞ്ചാരികൾ എത്തുന്നത് കുറഞ്ഞതിനെത്തുടർന്നാണിത്. എന്നാൽ, ചൈനയിൽനിന്നുള്ളവർക്ക് തത്‌കാലം വിസ നൽകില്ല.

2018-ലെ ഈസ്റ്റർ ദിനത്തിൽ 258 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുശേഷം രാജ്യത്തെ വിനോദസഞ്ചാരമേഖല വലിയ തിരിച്ചടി നേരിട്ടിരുന്നു. അത് മറികടക്കാനാണ് വിദേശപൗരന്മാർക്ക് തത്സമയ വിസാസൗകര്യം ഏർപ്പെടുത്തിയത്. അതോടെ രാജ്യത്തെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ 12 ശതമാനത്തോളം വർധനയുണ്ടായതായി അധികൃതർ പറയുന്നു. ഇപ്പോൾ കൊറോണ ഭയന്ന് സഞ്ചാരികളുടെ വരവ് വീണ്ടും കുറഞ്ഞതിനെത്തുടർന്നാണ് കാലാവധി നീട്ടുന്നതെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി രമേശ് പാതിരാനാ പറഞ്ഞു.

ഈസ്റ്റർദിനത്തിലെ ഭീകരാക്രമണത്തെത്തുടർന്ന് തത്സമയ വിസാസേവനങ്ങൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ഓഗസ്റ്റിലാണ് ഇന്ത്യയും ചൈനയും ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി അത് പുനഃസ്ഥാപിച്ചത്. ഇന്ത്യ കഴിഞ്ഞാൽ ചൈനയിൽനിന്നാണ് ശ്രീലങ്കയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നത്.

Content Highlights:  Sri Lanka approves extension of free-visa facility until April 30