കൊളംബോ: നഷ്ടത്തിലായ ഹംബന്‍തോട്ട തുറമുഖത്തിന്റെ ഭൂരിപക്ഷം ഓഹരികളും ചൈനയ്ക്ക് വില്‍ക്കുന്നതടക്കമുള്ള സര്‍ക്കാര്‍നടപടികളെ വിമര്‍ശിച്ച മന്ത്രിയെ ശ്രീലങ്ക പുറത്താക്കി. നീതിന്യായവകുപ്പുമന്ത്രി വിജയദാസ രാജപക്‌സൈയയാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയത്.

തുടര്‍ച്ചയായി സര്‍ക്കാരിനെയും സഹപ്രവര്‍ത്തകരെയും വിമര്‍ശിക്കുകയാണെന്നാണ് മന്ത്രിക്കെതിരായ പാര്‍ട്ടിയുടെ ആരോപണം. പ്രസ്താവനകള്‍ തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് പുറത്താക്കുന്നതെന്നും പാര്‍ട്ടി പറഞ്ഞു.

മുന്‍പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെപേരില്‍ അഴിമതിക്കുറ്റം ചുമത്തുന്നത് വിജയദാസ വൈകിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ആരോപണം അദ്ദേഹം നിഷേധിച്ചു.

രണ്ടാഴ്ച മുന്‍പ് സര്‍ക്കാര്‍ ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ധനകാര്യമന്ത്രി രവി കരുണനായകെ രാജിവെച്ചിരുന്നു.