ബാഴ്‌സലോണ: സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് സ്വയംഭരണ പ്രവിശ്യയായ കാറ്റലോണിയയില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയ്ക്കിടെ വ്യാപക സംഘര്‍ഷം. വോട്ടുചെയ്യാനെത്തിയ കാറ്റലോണിയക്കാരും വോട്ടെടുപ്പ് തടയാന്‍ സ്‌പെയിന്‍സര്‍ക്കാര്‍ നിയോഗിച്ച പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വോട്ടുചെയ്യാനെത്തിയ 460 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായി കാറ്റലോണിയ അധികൃതര്‍ അറിയിച്ചു. 11 പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് സ്​പാനിഷ് ആഭ്യന്തരമന്ത്രാലയവും പറഞ്ഞു.

ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്​പാനിഷ് ഭരണഘടനാ കോടതി വിധിച്ചതോടെ എന്ത് വിലകൊടുത്തും ഹിതപരിശോധന തടയുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. പോളിങ് കേന്ദ്രങ്ങളായ സ്‌കൂളുകളും മറ്റും നിയന്ത്രണത്തിലാക്കിയ പോലീസ് ബാലറ്റ് പേപ്പറുകള്‍ പിടിച്ചെടുത്തു. പോളിങ് കേന്ദ്രം പോലീസ് അടച്ചിട്ടിരിക്കുകയാണെങ്കില്‍ ബാലറ്റ് പേപ്പര്‍ സ്വന്തമായി തയ്യാറാക്കി വോട്ടുചെയ്ത് സൗകര്യമുള്ള പോളിങ് ബൂത്തില്‍ നിക്ഷേപിക്കാന്‍ കാറ്റലോണിയ അധികൃതര്‍ വോട്ടര്‍മാരോട് നിര്‍ദേശിച്ചു. 'ഒരു റിപ്പബ്ലിക്ക് എന്ന നിലയില്‍ കാറ്റലോണിയ സ്വതന്ത്രരാജ്യമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ' -എന്ന ഒരൊറ്റച്ചോദ്യവും അതെ, അല്ല എന്ന ഉത്തരങ്ങളുമാണ് ബാലറ്റ് പേപ്പറിലുള്ളത്.

പ്രസിഡന്റിന്റെ ബൂത്ത് തകര്‍ത്തു

പ്രവിശ്യാ തലസ്ഥാനമായ ബാഴ്‌സലോണയില്‍ വോട്ടുചെയ്യാനെത്തിയവരെ റബ്ബര്‍ ബുള്ളറ്റുകളുപയോഗിച്ച് പോലീസ് നേരിട്ടു. ജിറോണയില്‍ കാറ്റലോണിയ പ്രസിഡന്റ് കാര്‍ലസ് പ്യൂജിഡ്‌മൊന്റ് വോട്ടുചെയ്യാനിരുന്ന പോളിങ് ബൂത്ത് പോലീസ് തകര്‍ത്തു. പോളിങ് കേന്ദ്രമായി നിശ്ചയിച്ച സ്‌പോര്‍ട്‌സ് സെന്ററിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇദ്ദേഹം പിന്നീട് 10 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തില്‍ വോട്ടുചെയ്തതിന്റെ ചിത്രങ്ങള്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചുനടത്തുന്ന അക്രമങ്ങള്‍ കൊണ്ട് കാറ്റലോണിയക്കാരുടെ ആഗ്രഹത്തെ തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ പലയിടങ്ങളിലും വോട്ടെടുപ്പ് നടന്നു. എത്രപേര്‍ വോട്ടുചെയ്തു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.

വോട്ടുചെയ്ത് പിക്കെ

ഹിതപരിശോധയ്ക്കിടെയുണ്ടായ സംഘര്‍ഷത്തെ ബാഴ്‌സലോണ ഫുട്‌ബോള്‍ ടീം അപലപിച്ചു. ടീമംഗങ്ങളായ ജെറാര്‍ഡ് പിക്കെ, മുന്‍ താരം സാവി തുടങ്ങിയവര്‍ വോട്ടുചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. ഞായറാഴ്ചത്തെ ബാഴ്‌സലോണ-ലാ പാല്‍മാസ് മത്സരം കാണികളില്ലാതെയാണ് നടന്നത്.

പോളിങ് കേന്ദ്രങ്ങള്‍ പോലീസ് അടച്ചിടാതിരിക്കാനായി ഇവയുടെ കവാടങ്ങള്‍ ജനങ്ങള്‍ എടുത്തുമാറ്റിയിരുന്നു. ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകള്‍ പോളിങ് കേന്ദ്രങ്ങള്‍ക്ക് മുന്നിലിട്ട് പോലീസിനെ തടഞ്ഞു.