ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന്‌ സ്പേസ്എക്സ് ക്രൂ ഡ്രാഗൺ പേടകത്തിൽ നാലംഗസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ യാത്രികരായ മൈക്കിൾ ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാൾക്കർ, ജപ്പാന്റെ സോയിച്ചി നോകുച്ചി എന്നിവരാണ് ആറുമാസത്തെ ദൗത്യത്തിനുശേഷം തിരിച്ചെത്തിയത്. ആറരമണിക്കൂർ നീണ്ടുനിന്ന യാത്രയ്ക്കുശേഷം പ്രാദേശികസമയം പുലർച്ചെ 2.56-ന് സംഘം മെക്സിക്കൻ ഉൾക്കടലിൽ ഇറങ്ങുകയായിരുന്നു.

1968-ൽ അപ്പോളോ-8 പേടകത്തിലെ യാത്രികർ ശാന്തസമുദ്രത്തിൽ ഇറങ്ങിയതിനുശേഷം ആദ്യമായാണ് നാസ നിലയത്തിൽനിന്നുള്ളവരെ രാത്രിസമയം കടലിലിറക്കുന്നത്.

വൈദ്യപരിശോധനകൾക്കുശേഷം ഇവരെ വിമാനമാർഗം ഹൂസ്റ്റണിലേക്ക്‌ കൊണ്ടുപോയതായി നാസ വ്യക്തമാക്കി. സ്പേസ്‌ എക്സുമായിചേർന്ന് ആദ്യ സ്വകാര്യപങ്കാളിത്തമുള്ള ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി നവംബറിലാണ് സംഘം നിലയത്തിലെത്തിയത്. നിലയത്തിൽ ചെലവഴിച്ച 168 ദിവസങ്ങളിലായി 11.4 കോടി കിലോമീറ്റർ ദൂരമാണ് യാത്രികർ സഞ്ചരിച്ചത്. കഴിഞ്ഞാഴ്ച സ്പേസ്എക്സിന്റെ മറ്റൊരു പേടകത്തിൽ എത്തിച്ചേർന്ന നാലുപേർ ഉൾപ്പെടെ ഏഴുയാത്രികരാണ് ബഹിരാകാശനിലയത്തിൽ നിലവിലുള്ളത്.