വാഷിങ്ടൺ: സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ വാഹനത്തിൽ നാലു ബഹിരാകാശയാത്രികർ വെള്ളിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്.) പുറപ്പെട്ടു. നാസയുടെ ക്രൂ-2 ദൗത്യത്തിന്റെ ഭാഗമായി ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് പേടകം പുറപ്പെട്ടത്. ക്രൂ-1 ദൗത്യത്തിൽ ഉപയോഗിച്ചിരുന്ന ബൂസ്റ്റർ റോക്കറ്റും മറ്റൊരു ദൗത്യത്തിൽ ഉപയോഗിച്ച ക്രൂ ഡ്രാഗൺ പേടകവും തന്നെയാണ് പുതിയ ദൗത്യത്തിലും ഉപയോഗപ്പെടുത്തിയത് എന്ന പ്രത്യേകതകൂടിയുണ്ട്. ആദ്യമായാണ് നാസയുടെ ദൗത്യത്തിൽ ഒരിക്കൽ ഉപയോഗിച്ച പേടകവും റോക്കറ്റും വീണ്ടും ഉപയോഗിക്കുന്നത്.

യു.എസ്. ബഹിരാകാശ യാത്രികരായ ഷേൻ കിംബ്രോ, മേഗൻ മക്‌ആർതർ, ജാപ്പനീസ് യാത്രികനായ അകിഹികോ ഹോഷിദെ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ തോമസ് പെസ്ക്വെറ്റ് എന്നിവരാണ് യാത്രക്കാർ. 23 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ചൊവ്വാഴ്ച രാവിലെയോടെ ഇവർ ഐ.എസ്.എസിലെത്തും. തുടർന്ന് ആറുമാസം നിലയത്തിൽ വിവിധപരീക്ഷണങ്ങളുടെ ഭാഗമാവും.

എലൺ മസ്കിന്റെ അനുദിനം വളരുന്ന സ്പേസ് എക്സ് കമ്പനിയുമായി ചേർന്ന് ഒരുകൊല്ലത്തിനിടെ നാസ നടത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്.