വാഷിങ്ടൺ: പന്ത്രണ്ടായിരത്തോളം ഉപഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കാൻ ഇലൺ മസ്കിന്റെ സ്പേസ് എക്സിന്‌ യു.എസ്. അധികൃതരുടെ പച്ചക്കൊടി. 2020 ആകുമ്പോഴേക്കും ചെലവുകുറഞ്ഞ ഇന്റർനെറ്റ് സൗകര്യങ്ങളും വയർലെസ് ഇന്റർനെറ്റ് സംവിധാനവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

4,425 ഉപഗ്രഹങ്ങൾക്ക് നേരത്തേ വിക്ഷേപണ അനുമതി നൽകിയിരുന്നതായും ഇതിനുപുറമേ 7,518 എണ്ണത്തിനുകൂടി അനുമതിനൽകിയെന്നും യു.എസ്. ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ അറിയിച്ചു. ഒമ്പതുവർഷംകൊണ്ടാണ് ലക്ഷ്യം പൂർത്തീകരിക്കുക. ഭൂമിയിൽനിന്ന് 335 മുതൽ 346 കിലോമീറ്റർവരെ ഉയരത്തിലുള്ള ഭ്രമണപഥത്തിലാവും സ്പേസ് എക്സ് ഉപഗ്രഹങ്ങളെത്തിക്കുക.