അന്താരാഷ്ട്ര ബഹിരാകാശ നിലയം: ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7.46. ലോക ബഹിരാകാശ ചരിത്രത്തിൽ പുതിയൊരേട് എഴുതിച്ചേർക്കപ്പെട്ടു. ബഹിരാകാശത്ത് യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമായി എലൺ മസ്കിന്റെ സ്പേസ് എക്സ് മാറി. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12:52-നാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം ലക്ഷ്യമാക്കി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്. യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഫാൽക്കൺ-9 റോക്കറ്റാണ് ക്രൂ ഡ്രാഗണെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്. അവിടെനിന്നും ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിച്ച ക്രൂ ഡ്രാഗൺ പ്രതീക്ഷിച്ചതിലും മിനിറ്റുകൾ നേരത്തേ ലക്ഷ്യംകണ്ടു.
നാസയുടെ ബോബ് ബെങ്കൻ, ഡഗ്ലസ് ഹർളി എന്നീ ശാസ്ത്രജ്ഞരായിരുന്നു ക്രൂ ഡ്രാഗണിലെ യാത്രക്കാർ. 2011-ൽ നാസയുടെ സ്പേസ് ഷട്ടിലുകളുടെ വിരമിക്കലിനുശേഷം ആദ്യമായി അമേരിക്കൻ മണ്ണിൽനിന്ന് ബഹിരാകാശത്തേക്ക് പുറപ്പെട്ട യാത്രികരായി ഇരുവരും മാറി. എയർഫോഴ്സ് പൈലറ്റായിരുന്ന ഡഗ്ലസ് ഹർളിയും (53) 49-കാരനായ ബെങ്കനും 2000-ലാണ് നാസയുടെ ഭാഗമാകുന്നത്. രണ്ട് ബഹിരാകാശയാത്രകൾ നടത്തിയിട്ടുള്ള ഇരുവരും ബഹിരാകാശപേടകങ്ങളുടെ ലാൻഡിങ്ങും മറ്റും കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ധരാണ്. ബഹിരാകാശ നിലയത്തിൽ നിലവിലുള്ള അന്താരാഷ്ട്ര ശാസ്ത്രജ്ഞരോടൊപ്പമാകും ഇനിയുള്ള ആറുമാസം ഇരുവരും ചെലവഴിക്കുക.
Content Highlights: Space X International Space Station