spacex
ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ്
കെന്നഡി സ്‌പേസ് സെന്ററില്‍.

കേപ് കാനവറൽ: ബഹിരാകാശരംഗത്ത് ചരിത്രമെഴുതാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ ‍ഡ്രാഗൺ ക്യാപ്‍സ്യൂൾ ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്.) കുതിച്ചുയരും. ഡൗഗ് ഹർലി, ബോബ് ബെൻകെർ എന്നീ ബഹിരാകാശശാസ്ത്രജ്ഞരെ ഐ.എസ്.എസിലെത്തിക്കാനുള്ള ക്രൂ ഡ്രാഗൺ ക്യാപ്‍സ്യൂളുമായി ഫാൽക്കൺ-9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് അമേരിക്കൻ സമയം ബുധനാഴ്ച രാത്രി 08.33-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 2.03) വിക്ഷേപിക്കും. യാത്രികരെ ബഹിരാകാശത്തെത്തിക്കുന്നതിലെ നാസയുടെ ഒമ്പതുവർഷത്തെ കുത്തകയവസാനിപ്പിക്കുന്നതാണ് സ്പേസ് എക്സ് ദൗത്യം.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ കെന്നഡി സ്പേസ് സെന്ററിലെത്തും. നാസയുടെ മുൻ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള മുതിർന്ന ശാസ്ത്രജ്ഞരാണ് ഹർലിയും ബെൻകെറും. ഇരുവരും മൂന്നുമാസത്തോളം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയും. 1961 മുതൽ ഉപയോഗിക്കുന്ന ടിൻ-കാൻ ആസ്ട്രോവാൻ ഉപേക്ഷിച്ച് മസ്കിന്റെതന്നെ കമ്പനിയായ ടെസ്‍ലയുടെ ഇലക്‌ട്രിക് കാറിലാകും ഹർലിയും ബെൻകെറും വിക്ഷേപണത്തറയിലെത്തുക.

മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സാണ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിന്റെ ഹാർഡ്‌വേർ നിർമിച്ചത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിലൂടെ യു.എസ്. സർക്കാർ ഫണ്ട് ചെയ്തതാണ് പദ്ധതി. ബഹിരാകാശദൗത്യങ്ങൾ സർക്കാർ നിയന്ത്രണത്തിലായിരുന്നെങ്കിലും ചെറുപദ്ധതികളിൽ സ്വകാര്യപങ്കാളിത്തം അനുവദിച്ച് വൻ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുെമന്ന് നാസ സൂചന നൽകിയിരുന്നു.