ജനീവ: യുദ്ധവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ദക്ഷിണ സുഡാനെ സഹായിക്കാന്‍ ഈവര്‍ഷംമാത്രം ഏകദേശം 8966 കോടിരൂപ (1.4 ബില്യണ്‍) വേണമെന്ന് ഐക്യരാഷ്ട്രസഭ (യു.എന്‍.) പറഞ്ഞു. മുമ്പ് കണക്കാക്കിയിരുന്നതിന്റെ ഇരട്ടിയാണിത്.

ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രമാണ് 2011-ല്‍ രൂപംകൊണ്ട ദക്ഷിണ സുഡാന്‍. 2013 മുതല്‍ ഇവിടെ ആഭ്യന്തരയുദ്ധമാണ്. യുദ്ധവും അനുദിനം വഷളാവുന്ന ജീവിതസാഹചര്യങ്ങളും മൂലം ആയിരങ്ങള്‍ രാജ്യംവിടുകയാണെന്ന് അഭയാര്‍ഥികാര്യങ്ങള്‍ക്കായുള്ള യു.എന്‍.വിഭാഗത്തിന്റെ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

യുദ്ധത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. 10 ലക്ഷം കുട്ടികളടക്കം 18 ലക്ഷം പേര്‍ പലായനം ചെയ്തു. യുഗാണ്‍ഡ, സുഡാന്‍, എത്യോപ്യ, കെനിയ, ഡി.ആര്‍. കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുകയാണിവര്‍. 20 ലക്ഷം പേര്‍ ദക്ഷിണ സുഡാന്റെ ഉള്ളില്‍ത്തന്നെ ചിതറിക്കഴിയുകയാണ്.