സോൾ: വ്യോമാതിർത്തി ലംഘിച്ച റഷ്യയുടെ നിരീക്ഷണവിമാനത്തെ തങ്ങൾ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തുരത്തിയതായി ദക്ഷിണകൊറിയ. മുന്നറിയിപ്പെന്ന നിലയിൽ വെടിവെച്ചാണ് റഷ്യൻ വിമാനത്തെ തിരിച്ചയച്ചത്. റഷ്യക്കും ദക്ഷിണകൊറിയയ്‌ക്കുമിടയിൽ ഇതാദ്യമാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്.

ദക്ഷിണകൊറിയയും ജപ്പാനും അവകാശം ഉന്നയിക്കുന്ന ഡോക്ഡോ/തകേഷിമ ദ്വീപിന്റെ വ്യോമാതിർത്തി റഷ്യൻവിമാനങ്ങൾ പലതവണ ലംഘിച്ചതായി ദക്ഷിണകൊറിയൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. പ്രാദേശികസമയം രാവിലെ 9.09-നും 9.33-നുമാണ് സംഭവം. തുടർന്നാണ് ദക്ഷിണകൊറിയയുടെ എഫ്-15, എഫ്-16 പോർവിമാനങ്ങൾ ഇടപെട്ടത്.

എന്നാൽ, കൊറിയയുടെ വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണം റഷ്യൻ അധികൃതർ നിഷേധിച്ചു. തങ്ങളുടെ പോർവിമാനങ്ങൾ പതിവ് പരിശീലനം നടത്തുകയായിരുന്നെന്നും മറ്റുരാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയൻ വിമാനങ്ങൾ വെടിവെച്ചതായി അറിയില്ലെന്നും റഷ്യൻ അധികൃതർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച കൊറിയൻ ആകാശത്ത് മൂന്നുറഷ്യൻ വിമാനങ്ങളും രണ്ടുചൈനീസ് സൈനികവിമാനങ്ങളും പ്രവേശിച്ചതായാണ് ദക്ഷിണകൊറിയൻ സൈനികവൃത്തങ്ങൾ പറഞ്ഞത്. റഷ്യയുടെ രണ്ട് ടി.യു-95 ബോംബറുകളും ഒരു എ-50 നിരീക്ഷണവിമാനവും ചൈനയുടെ എച്ച്-6 ബോംബറുകളുമാണ് അതിർത്തി കടന്നത്. ഉടൻതന്നെ റഡാറുകൾ ഇവ തിരിച്ചറിഞ്ഞതായും ദക്ഷിണകൊറിയ പറഞ്ഞു.

അതേസമയം, റഷ്യയുടെയും ദക്ഷിണകൊറിയയുടെയും നടപടികൾക്കെതിരേ ജപ്പാൻ രംഗത്തെത്തി. റഷ്യ തങ്ങളുടെ വ്യോമാതിർത്തിയാണ് ലംഘിച്ചതെന്നും അതിനെതിരേയുള്ള ദക്ഷിണകൊറിയയുടെ ഇടപെടൽ അനവസരത്തിലാണെന്നും ജപ്പാൻ പ്രതിരോധമന്ത്രാലയം പറഞ്ഞു.

ഡോക്ഡോ/തകേഷിമ

* വിസ്തീർണം 230000 ചതുരശ്രമീറ്റർ

* കൊറിയയിൽ ഡോക്ഡോ(സോളിറ്ററി ദ്വീപ്) എന്നും ജപ്പാനിൽ തകേഷിമ(ബാംബൂ ദ്വീപ്) അറിയപ്പെടുന്നു

* ജപ്പാനും ദക്ഷിണകൊറിയയും അവകാശവാദം ഉന്നയിക്കുന്നു. 1954 മുതൽ ദക്ഷിണകൊറിയ കൈവശംവെക്കുന്നു.

content highlights: South Korean jets fire warning shots at Russian aircraft