സോള്‍: അന്താരാഷ്ട്ര ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് സംസ്‌കരിച്ച എണ്ണ നല്‍കുന്നതായി സംശയിക്കുന്ന കപ്പല്‍ തടഞ്ഞിട്ടതായി ദക്ഷിണകൊറിയ. കഴിഞ്ഞമാസമാണ് ഹോങ്കോങ് രജിസ്‌ട്രേഷനുള്ള 'ലൈറ്റ്ഹൗസ് വിന്‍മോര്‍' കപ്പല്‍ ദക്ഷിണകൊറിയന്‍ അധികൃതര്‍ പിടികൂടിയത്.

ഉത്തരകൊറിയക്ക് എണ്ണ ലഭിക്കാന്‍ ചൈന സഹായം നല്‍കുന്നതായി കഴിഞ്ഞദിവസം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ആരോപണം ചൈന നിഷേധിച്ച സാഹചര്യത്തിലാണ് ദക്ഷിണകൊറിയയുടെ പുതിയ വെളിപ്പെടുത്തല്‍.

കടലില്‍വെച്ച് ഉത്തരകൊറിയന്‍ കപ്പലിലേക്ക് 600 ടണ്‍ എണ്ണ ലൈറ്റ്ഹൗസ് വിന്‍മോര്‍ കൈമാറിയതായി ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരകൊറിയയിലേക്കുള്ള ഏതെങ്കിലും വസ്തുക്കള്‍ കപ്പലുകള്‍വഴി കൈമാറ്റം ചെയ്യുന്നത് യു.എന്‍. രക്ഷാസമിതി നിരോധിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 11-നാണ് ദക്ഷിണകൊറിയയിലെ യീസോ പോര്‍ട്ടില്‍ കപ്പല്‍ എത്തിയത്. നാലുദിവസത്തിനുശേഷം തയ്വാനിലേക്ക് പുറപ്പെട്ടു. എന്നാല്‍, തയ്വാനില്‍ പോവാതെ ഒക്ടോബര്‍ 19-ന് ഉത്തരകൊറിയന്‍ കപ്പലിലേക്കും മറ്റ് കപ്പലുകളിലേക്കുമായി എണ്ണമാറ്റുകയായിരുന്നു. യീസോ തുറമുഖത്ത് നവംബറില്‍ തിരിച്ചെത്തിയ കപ്പല്‍ വിട്ടുകൊടുത്തിട്ടില്ലെന്നും ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലുകള്‍ കടലില്‍വെച്ച് എണ്ണ കൈമാറുന്നതിന്റെ തെളിവുകള്‍ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ലഭിച്ചതായി യു.എസും അവകാശപ്പെട്ടിരുന്നു.

ആരോപണം ചൈനയ്ക്കുനേരേ

നിരോധനം മറികടന്ന് ഉത്തരകൊറിയന്‍ കപ്പലുകള്‍ക്ക് കടലില്‍വെച്ച് ചൈനീസ് കപ്പലുകള്‍ എണ്ണ കൈമാറുന്നുണ്ടെന്നാണ് അമേരിക്ക സംശയിക്കുന്നത്. ചൈനയുടെ നീക്കത്തില്‍ നിരാശയുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ഉത്തരകൊറിയന്‍ പ്രശ്‌നത്തിന് സഹവര്‍ത്തിത്വത്തിലൂടെ പരിഹാരം കാണാനാവില്ലെന്നുമാണ് ട്രംപ് കഴിഞ്ഞദിവസം ട്വീറ്റ്‌ചെയ്തത്.


നിഷേധിച്ച് ചൈന

എന്നാല്‍, ആരോപണം ചൈന നിഷേധിച്ചു. തയ്വാന്‍ കമ്പനി വാടകയ്‌ക്കെടുത്ത കപ്പലാണ് ലൈറ്റ് ഹൗസ് വിന്‍മോര്‍. ഒരു തെളിവുമില്ലാതെയാണ് ചൈനയ്ക്കുമേല്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഉത്തരകൊറിയക്കുമേല്‍ ഐക്യരാഷ്ട്രരക്ഷാസമിതി പ്രഖ്യാപിച്ച ഉപരോധം ലംഘിക്കാന്‍ ചൈനയിലെ കമ്പനികളെയോ വ്യക്തികളെയോ അനുവദിക്കില്ല -ചൈനീസ് വിദേശകാര്യ വക്താവ് ഹ്വ ചുന്‍യിങ് പറഞ്ഞു.


ഉത്തരകൊറിയന്‍ കപ്പലുകള്‍ തടഞ്ഞു

നിരോധിക്കപ്പെട്ട വസ്തുക്കളുമായി പോവുകയായിരുന്ന നാല് ഉത്തരകൊറിയന്‍ കപ്പലുകള്‍ക്കുകൂടി കഴിഞ്ഞദിവസം യു.എന്‍.രക്ഷാസമിതി പ്രവേശനാനുമതി നിഷേധിച്ചു. ഇതോടെ തടഞ്ഞിട്ട ഉത്തരകൊറിയന്‍ കപ്പലുകളുടെ എണ്ണം എട്ടായി. തുടര്‍ച്ചയായുള്ള ആണവായുധ, മിസൈല്‍ പരീക്ഷണങ്ങളെത്തുടര്‍ന്ന് ഉത്തരകൊറിയക്കെതിരേ ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യന്‍ യൂണിയന്റെയും യു.എസിന്റെയും ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.