സോള്‍: ഐക്യരാഷ്ട്രസഭയുടെ ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് സംസ്‌കരിച്ച എണ്ണ കൈമാറുന്നുവെന്നാരോപിച്ച് ദക്ഷിണകൊറിയ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ ചോദ്യംചെയ്തു. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ചെയ്ത 'ലൈറ്റ്!ഹൗസ് വിന്‍മോര്‍' എന്ന കപ്പലാണ് നവംബര്‍ 24-ന് ദക്ഷിണകൊറിയന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 23 പേര്‍ ചൈനക്കാരും രണ്ടുപേര്‍ മ്യാന്‍മാറില്‍നിന്നുള്ളവരുമാണ്. ഇവരെ അന്നുമുതല്‍ ചോദ്യംചെയ്തുവരികയാണെന്ന് കൊറിയന്‍ കസ്റ്റംസ് സര്‍വീസ് അധികൃതര്‍ വ്യക്തമാക്കി.

14,000 ടണ്‍ സംസ്‌കരിക്കാത്ത എണ്ണയുമായി ദക്ഷിണകൊറിയയിലെ യോസു തുറമുഖത്തുനിന്ന് തയ്!വാനിലേക്ക് പോകേണ്ടിയിരുന്ന കപ്പല്‍, കടലില്‍വെച്ച് ഉത്തരകൊറിയന്‍ കപ്പലായ 'സാംജോങ്-രണ്ടി'ന് 600 ടണ്‍ എണ്ണ കൈമാറിയെന്ന് ദക്ഷിണകൊറിയ ആരോപിക്കുന്നു. തയ്!വാന്‍ കമ്പനിയായ ബില്യണ്‍ ബങ്കര്‍ ഗ്രൂപ്പ് കോര്‍പ്പറേഷനാണ് കപ്പല്‍ വാടകയ്‌ക്കെടുത്തിട്ടുള്ളത്.

അന്വേഷണത്തിന്റെ വിവരങ്ങള്‍ യു.എന്‍. രക്ഷാസമിതിക്ക് കൈമാറുമെന്ന് ദക്ഷിണകൊറിയന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി. ഉത്തരകൊറിയക്കുനേരേയുള്ള യു.എന്‍. ഉപരോധം ലംഘിച്ചതിന് യു.എസ്. കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട 10 കപ്പലുകളിലൊന്നാണ് ലൈറ്റ്ഹൗസ് വിന്‍മോര്‍.

ബില്യണ്‍ ബങ്കര്‍ ഗ്രൂപ്പുമായി ബന്ധമില്ലെന്നും മാര്‍ഷല്‍ ദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും തയ്!വാന്‍ പ്രതികരിച്ചു. ഉത്തരകൊറിയക്കുനേരേയുള്ള യു.എന്‍. ഉപരോധം അനുസരിക്കുമെന്നും തയ്!വാന്‍ വ്യക്തമാക്കി.