സോള്‍: ഏഷ്യയിലെ നാലാമത്തെ വലിയ സാമ്പത്തികശക്തിയായ ദക്ഷിണകൊറിയ എല്ലാ പുതിയ ആണവപദ്ധതികളും ഉപേക്ഷിക്കുന്നു. പുതിയ ആണവ റിയാക്ടറുകള്‍ നിര്‍മിക്കുകയോ ഇപ്പോഴുള്ളവയുടെ കാലാവധി നീട്ടുകയോ ചെയ്യില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ ആണവറിയാക്ടറായ കോറി-1 ഡികമ്മിഷന്‍ ചെയ്യുന്ന ചടങ്ങിലാണ് മുന്നിന്റെ പ്രഖ്യാപനം.

രാജ്യത്തെ ആണവോര്‍ജമുക്തമാക്കുമെന്ന് കഴിഞ്ഞമാസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം വാഗ്ദാനംചെയ്തിരുന്നു. പകരം സൗരോര്‍ജം, കാറ്റ് എന്നിവയുള്‍പ്പെടെയുള്ള പരിസ്ഥിതിസൗഹൃദ ഊര്‍ജോത്പാദനമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

25 ആണവറിയാക്ടറുകളാണ് ഇവിടെയുള്ളത്. രാജ്യത്തിനാവശ്യമായ ഊര്‍ജത്തിന്റെ 30 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇവയില്‍നിന്നാണ്. ഇവയില്‍ മിക്കവയും ജനവാസകേന്ദ്രങ്ങളുടെ സമീപത്താണ്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജോത്പാദനം നിര്‍ത്താനും മുന്‍ തീരുമാനിച്ചിട്ടുണ്ട്.

2011-ലെ സുനാമിയില്‍ ജപ്പാനിലെ ഫുകുഷിമ അണവനിലയത്തിലുണ്ടായ ചോര്‍ച്ച അയല്‍രാജ്യമായ ദക്ഷിണകൊറിയയിലും പരിഭ്രാന്തിപരത്തിയിരുന്നു.