സോള്‍: ആണവായുധ ഭീഷണിയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരകൊറിയയില്‍ പോകാനും തയ്യാറാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍. ബുധനാഴ്ച പ്രസിഡന്റായി അധികാരമേറ്റശേഷം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയയുമായുള്ള സഹകരണത്തെ പിന്തുണയ്ക്കുന്ന മുന്‍ അധികാരമേറ്റത്, ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് കരുതുന്നത്. ഉത്തരകൊറിയയുടെ ആണവമിസൈല്‍ ഭീഷണിയെത്തുടര്‍ന്ന്, ദക്ഷിണകൊറിയയുടെ വടക്കന്‍ പ്രദേശങ്ങളില്‍ അമേരിക്ക മിസൈല്‍ പ്രതിരോധസംവിധാനം സ്ഥാപിച്ചിരുന്നു. ഇതില്‍ ദക്ഷിണകൊറിയയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ ചൈന അതൃപ്തരാണ്. ഈ പശ്ചാത്തലത്തിലാണ് മുന്‍ അധികാരമേറ്റത്.

കൊറിയന്‍ ഉപദ്വീപിലെ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് മുന്‍ പറഞ്ഞു. 'ആവശ്യമെങ്കില്‍ ഉടന്‍ അമേരിക്കയിലേക്ക് പോകും. ചൈനയിലേക്കും ദക്ഷിണകൊറിയയിലേക്കും സാഹചര്യം ഒത്തുവന്നാല്‍ ഉത്തരകൊറിയയിലേക്കും പോകും' -അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ 41.1 ശതമാനം വോട്ടുനേടിയ മുന്നിനെ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജയിയായി പ്രഖ്യാപിച്ചു. അഴിമതിക്കേസില്‍പ്പെട്ട് മുന്‍ പ്രസിഡന്റ് പാര്‍ക് കുനെ പുറത്തായതിനെത്തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്.

നാലുതവണ പാര്‍ലമെന്റംഗമായ മുന്‍ പത്രപ്രവര്‍ത്തകന്‍ ലി നാക് യോനാണ് മുന്നിന്റെ പ്രധാനമന്ത്രി. 2000ത്തിലും 2007ലും നടന്ന ഇരുകൊറിയകളുടെയും ഉച്ചകോടിക്കുപിന്നില്‍ പ്രവര്‍ത്തിച്ച സു ഹൂണാണ് രഹസ്യാന്വേഷണവിഭാഗം മേധാവി. പാര്‍ലമെന്റില്‍ 300-ല്‍ 120 സീറ്റുമാത്രമാണ് മുനിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് പ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതിന് മറ്റ് പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്.