ജൊഹാനസ്ബർഗ്: ഒറ്റപ്രസവത്തിൽ കൺമണികൾ പത്ത്. ദക്ഷിണാഫ്രിക്കക്കാരി ഗോസിയാമെ തമാരോ സിതോലിനാണ് അപൂർവ ഭാഗ്യം. ലോകശ്രദ്ധനേടിയ പ്രസവത്തോടെ ഗിന്നസ് റെക്കോർഡിലും കയറിയിരിക്കുകയാണ് ഈ 37-കാരി. കഴിഞ്ഞമാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ റെക്കോഡ്‌ പഴങ്കഥയായി.

ഗർഭം ഏഴുമാസവും ഏഴു ദിവസം തികഞ്ഞപ്പോഴായിരുന്നു പ്രസവം. ഏഴു ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് പിറന്നത്. ഈ ഒരു നിമിഷത്തിൽ ഏറ്റവും സന്തോഷിക്കുന്നതായി സിതോലും ഭർത്താവ് തിബാഹോ സൊറ്റെറ്റ്സിയും പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ഗോതെങ് സ്വദേശിനിയായ സിതോൽ ഗർഭസംബന്ധമായ ചികിത്സകളൊന്നും എടുത്തിരുന്നില്ല. വയറ്റിൽ എട്ടു കുഞ്ഞുങ്ങൾ വളരുന്നതായാണ് ആദ്യം ഡോക്ടർമാർ പരിശോധനകളിലെല്ലാം കണ്ടിരുന്നത്. എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട്‌ കുഞ്ഞുങ്ങൾ പത്തായി. ദമ്പതികൾക്ക് ആറു വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്.