കേപ് ടൗൺ: ദക്ഷിണാഫ്രിക്ക ഭരിച്ച ഒടുവിലത്തെ വെള്ളക്കാരനും നൊബേൽ പുരസ്കാരജേതാവുമായ ഫ്രെഡെറിക് വില്ലെം ഡീ ക്ലെർക്ക് (85) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് വ്യാഴാഴ്ച രാവിലെ കേപ് ടൗണിലെ വീട്ടിലായിരുന്നു അന്ത്യം. 1989മുതൽ 1994വരെയാണ് ക്ലെർക്ക് ദക്ഷിണാഫ്രിക്ക ഭരിച്ചത്.

വർണവിവേചനം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയെ ജനാധിപത്യത്തിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് ക്ലെർക്ക്. വർണവിവേചനത്തിനുനേരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജയിൽമോചനവും അദ്ദേഹത്തിന്റെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക്‌ ഏർപ്പെടുത്തിയ ഉപരോധം നീക്കിയതും ക്ലെർക്കിന്റെ ഭരണകാലത്താണ്. ഇതോടെയാണ് 1994-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മണ്ടേലയ്ക്ക് അവസരമൊരുങ്ങിയത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് മണ്ടേല പ്രസിഡന്റായപ്പോൾ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി പ്രസിഡന്റുമാരിൽ ഒരാളായിരുന്നു ക്ലെർക്ക്.

രാജ്യത്തെ വംശവെറി അവസാനിപ്പിക്കാനായി ഇരുവരും ചേർന്നുപ്രവർത്തിച്ചു. 1993-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇരുവരും പങ്കിട്ടു. 1997-ൽ ക്ലെർക്ക് രാഷ്ട്രീയം വിട്ടു. രാജ്യത്തെ വെള്ളക്കാരുടെ ഭരണയുഗം ക്ലെർക്കോടെ അവസാനിച്ചു. അതേസമയം, ഒട്ടേറെ വിഷയങ്ങളിൽ മണ്ടേലയും ക്ലെർക്കും തമ്മിൽ അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നു. 1936-ൽ ജൊഹാനസ്ബർഗിലാണ് ക്ലെർക്കിന്റെ ജനനം. അഭിഭാഷകനായിരുന്നു.