റോം: അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായപ്പോൾ ചിലർ തന്റെ മരണം ആഗ്രഹിച്ചുവെന്ന് തമാശപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. യാഥാസ്ഥിതിക മനോഭാവത്തോടെ തന്നെ വിമർശിക്കുന്നവരെക്കൊണ്ട് പിശാചാണ് അതു പറയിപ്പിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. ‘‘ഞാൻ മോശം അവസ്ഥയിലാണെന്ന് കരുതിയ വൈദികർ പകരക്കാരനെ കണ്ടെത്താൻ കൂടിക്കാഴ്ചപോലും നടത്തിയിരുന്നു. പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കർദിനാൾമാരുടെ യോഗത്തിനായുള്ള ഒരുക്കത്തിലായിരുന്നു അവർ. ദൈവത്തിന് നന്ദി! ഞാൻ സുഖമായിരിക്കുന്നു”-മാർപാപ്പ പറഞ്ഞു. കഴിഞ്ഞ ജൂലായ് അഞ്ചിനാണ് കുടൽ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് മാർപാപ്പ ശസ്ത്രക്രിയക്കു വിധേയനായത്. പത്തുദിവസം ആശുപത്രിയിൽ ചെലവിട്ടശേഷം തിരിച്ചെത്തി.