പാരീസ്: പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം ഭൂരിപക്ഷം രാജ്യങ്ങളിലും 1990 മുതല്‍ കുറയുന്നുണ്ടെങ്കിലും പുകവലിക്കാരുടെ എണ്ണവും ഇതുമായി ബന്ധപ്പെട്ട മരണങ്ങളും കൂടിയെന്ന് ഗവേഷകര്‍. പുകയില ഉത്പന്നനിര്‍മാണ കമ്പനികള്‍ പുത്തന്‍വിപണികള്‍ തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ഇനിയും കൂടുമെന്ന് വൈദ്യാശാസ്ത്ര ജേണലായ 'ദ ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വികസിത രാജ്യങ്ങളെയാകും ഇത് ഏറെ ബാധിക്കുക.

2015-ലെ കണക്കനുസരിച്ച് നാലിലൊരു പുരുഷനും ഇരുപതിലൊരു സ്ത്രീയും ദിവസം പുകവലിക്കുന്നു. 25 വര്‍ഷം മുമ്പത്തേതുമായി താരതമ്യംചെയ്യുമ്പോള്‍ കാര്യമായ കുറവാണിത്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട മരണം ഇക്കാലത്തിനിടെ 4.7 ശതമാനം കൂടി. 2015-ല്‍ 64 ലക്ഷം പേരാണ് മരിച്ചത്. ജനസംഖ്യയിലുണ്ടായ വര്‍ധനയുമായി ഈ മരണക്കണക്കിന് ബന്ധമുണ്ട്.

1990-ല്‍ ദിവസം 87 ലക്ഷം പേരാണ് പുകവലിച്ചിരുന്നത്. 2015 ആയപ്പോള്‍ ഇത് 93 ലക്ഷം ആയി. ചില രാജ്യങ്ങളില്‍ പുകയില ഉപയോഗം കുറഞ്ഞപ്പോള്‍ മറ്റിടത്ത് സ്ഥിതി മാറ്റമില്ലാതെ തുടരുന്നെന്നതാണ് ഇതിനുകാരണം.

ലോകത്തെ 10 മരണങ്ങളില്‍ ഒന്ന് പുകവലിമൂലമാണ്. ഇതിന്റെ പകുതിയും ചൈന, ഇന്ത്യ, യു.എസ്., റഷ്യ എന്നീ രാജ്യങ്ങളിലാണ്. ചില രാജ്യങ്ങള്‍ വലിയ നികുതികളും ബോധവത്കരണവുമടക്കമുള്ള കാര്യങ്ങളിലൂടെ പുകവലി ഉപയോഗത്തില്‍ കാര്യമായ കുറവുവരുത്തി. ബ്രസീലാണ് ഈ രംഗത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രാജ്യം. ഇവിടെ 25 വര്‍ഷത്തിനിടെ പുകവലിക്കാരായ പുരുഷന്മാരുടെ എണ്ണം 29 ശതമാനത്തില്‍നിന്ന് 12 ശതമാനമായി താഴ്ന്നു. സ്ത്രീകളുടേത് 19 ശതമാനത്തില്‍നിന്ന് എട്ടായും കുറഞ്ഞു. ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഇക്കാലത്തിനിടെ കുറവൊന്നും ഉണ്ടായിട്ടില്ല. റഷ്യയില്‍ ഇക്കാലത്തിനിടെ പുകവലിക്കാരികളുടെ എണ്ണം നാലുശതമാനം കൂടി. ആഫ്രിക്കയിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്ന് പഠനം മുന്നറിയിപ്പുനല്‍കുന്നു.

'ഈ മരണങ്ങളെല്ലാം തടയാവുന്നതാണെന്നതാണ് ദുഃഖകരമായ കാര്യ'മെന്ന് പ്രധാനലേഖികയും വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷനിലെ ഗവേഷകയുമായ ഇമ്മാനുവേല ഗാകിഡൗ പറഞ്ഞു.