ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മാണത്തില്‍ നിര്‍ണായകപുരോഗതി കൈരിച്ചതായി ഇന്ത്യന്‍ കമ്പനി. ഹൈദരാബാദ് ആസ്ഥാനമായ മരുന്നുനിര്‍മാണക്കമ്പനി 'ഭാരത് ബയോടെക്' ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. ഫലപ്രദമെന്നു തെളിയിക്കപ്പെട്ടാല്‍ വലിയ ചുവടുവെപ്പാവും അത്.

ഒന്നരവര്‍ഷം മുമ്പേതന്നെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ സുമതി പറഞ്ഞു. കൊതുകിലൂടെ പകരുന്ന സിക വൈറസ് നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. 'ഇതുവരെയുള്ള പുരോഗതി സര്‍ക്കാറിനെയും ലോകാരോഗ്യസംഘടനയെയും അറിയിച്ചുകഴിഞ്ഞു. മൃഗങ്ങളില്‍ പരീക്ഷണം നടത്താവുന്ന തലത്തിലാണ് ഇപ്പോള്‍. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം പരീക്ഷണങ്ങള്‍ക്ക് അയക്കും.
 
പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്' -കമ്പനി ചെയര്‍മാന്‍ കൃഷ്ണ ഇള പറഞ്ഞു. പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍.) സ്ഥിരീകരിച്ചു. ശാസ്ത്രീയമായി പരിശോധിച്ച ശേഷമാവും പേറ്റന്റ് നല്‍കുന്ന കാര്യം തീരുമാനിക്കുകയെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

മരുന്ന് വികസിപ്പിക്കാന്‍ ബ്രസീല്‍ അടക്കമുള്ള തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മനുഷ്യരില്‍ പരീക്ഷിക്കാന്‍ ചില രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.