മെക്‌സിക്കോ: മെക്‌സിക്കോയിലെ ചിഹ്വാഹുവയിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. രണ്ട് വിഭാഗക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലെത്തിയത്. സംഭവസ്ഥലത്തുനിന്ന് 20 തോക്കും 10 വാഹനവും മൂന്ന് കലാപകാരികളെയും പോലീസ് അറസ്റ്റ്‌ചെയ്തു. കഴിഞ്ഞാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

വിമാനാപകടം: അഞ്ചുപേര്‍ മരിച്ചു

ജക്കാര്‍ത്ത:
ഇന്‍ഡൊനീഷ്യയിലെ പപ്വ പ്രവിശ്യയിലുണ്ടായ വിമാനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി സുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. വമീനയില്‍നിന്ന് ഡിറക്മയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഒരു വൈമാനികനും സഹവൈമാനികനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.

ഫിലിപ്പീന്‍സില്‍ ഭൂചലനം

മനില:
ഫിലിപ്പീന്‍സില്‍ നേരിയ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ലേറ്റി പ്രവിശ്യയുടെ 12.3 കിലോമീറ്റര്‍ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഒര്‍മോക്ക് ആണ്. ആര്‍ക്കും പരിക്കില്ല.

ഭീകരാക്രമണത്തില്‍നിന്ന് പാക്മന്ത്രി രക്ഷപ്പെട്ടു

ഇസ്!ലാമാബാദ്:
ബലൂചിസ്താനിലെ പഞ്ച്ഗുര്‍ നഗരത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ ആരോഗ്യമന്ത്രി റഹ്മത് സാലെഹ് ബലോജ് രക്ഷപ്പെട്ടു. പഞ്ച്ഗുറില്‍നിന്ന് വരുന്നവഴിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തു

അങ്കാറ:
സമാധാനസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുര്‍ക്കി ഡയറക്ടര്‍ ഇഡില്‍ ഇസ്റ്റര്‍ അടക്കം എട്ടുപേരെ തുര്‍ക്കി പോലീസ് അറസ്റ്റ്‌ചെയ്തു. സ്വീഡനില്‍ നിന്നുള്ള രണ്ട് പരിശീലകരെയുള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്. മതിയായ കാരണമില്ലാതെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് അംനസ്റ്റി അധികൃതര്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തെ സുരക്ഷയെ മാനിക്കാത്തതിനാലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.

ജപ്പാനില്‍ വെള്ളപ്പൊക്കം: 18 പേരെ കാണാതായി

അസാക്കുറ:
ജപ്പാനില്‍ വെള്ളപ്പൊക്കത്തില്‍ 18 പേരെ കാണാതായി. റോഡുകളിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ചുഴലിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ജപ്പാനിലെ നാല് ദ്വീപുകളില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങളോട് സുരക്ഷിതമേഖലയിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.