ധാക്ക: താൻ എല്ലാ ബംഗ്ലാദേശുകാരുടെയും പ്രധാനമന്ത്രിയായിരിക്കുമെന്ന് ശൈഖ് ഹസീന. ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അവാമി ലീഗ് വൻഭൂരിപക്ഷത്തിൽ വിജയിച്ചതിനോട് പ്രതികരിക്കവേയാണ് ഹസീനയുടെ പരാമർശം. രാജ്യത്ത് സാമ്പത്തിക പരിഷ്കരണവുമായി മുന്നോട്ടുപോകുന്നതിനായിരിക്കും തന്റെ സർക്കാർ പ്രഥമപരിഗണന നൽകുകയെന്നും അവർ പറഞ്ഞു.

ബംഗ്ലാദേശിലെ 350 അംഗ പാർലമെൻറിൽ തിരഞ്ഞെടുപ്പ് നടന്ന 299 സീറ്റിൽ 288 എണ്ണത്തിലും വിജയിച്ചാണ് അവാമി ലീഗ് വീണ്ടും അധികാരത്തിലെത്തിയത്.

‘‘പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം എല്ലാ ബംഗ്ലാദേശുകാർക്കും വേണ്ടി വിഭജിച്ചു നൽകും. തന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ഒട്ടേറെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അവയുമായി മുന്നോട്ടുപോകേണ്ടതുണ്ട്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം’’ -ഹസീന പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ ആരോപണങ്ങളെ ഹസീന തള്ളി. ക്രമക്കേടുകളുണ്ടായിരുന്നുവെങ്കിൽ ആ ഇടങ്ങളിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ നിർത്തിവെച്ചേനെയെന്നും അവർ കൂട്ടിച്ചേർത്തു.

പുതിയ മന്ത്രിസഭ പത്തിനുമുമ്പ്‌

ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ജനുവരി 10-ന് മുമ്പ്‌ പ്രഖ്യാപിക്കുമെന്ന് അവാമി ലീഗ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യുമെന്നും അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ക്വാദെർ പറഞ്ഞു.

Content Highlights: sheikh hasina response after bangladesh election victory