കാബൂൾ: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ചാവേറുകളെയും ആയുധധാരികളെയും ഉപയോഗിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് ഷോർ ബസാർ പ്രദേശത്തെ ധർമശാലയിലെ ഗുരുദ്വാരയിൽ ഭീകരർ ആക്രമണം നടത്തിയത്. 150-ലധികംപേർ അപ്പോൾ ഗുരുദ്വാരയിലുണ്ടായിരുന്നതായി സിഖ് വംശജനായ നിയമസഭാംഗം നർദേന്ദർ സിങ് ഖലിസ പറഞ്ഞു.
ന്യൂനപക്ഷവിഭാഗക്കാരായ ഹിന്ദുക്കളും സിഖുകാരും കഴിയുന്ന പ്രദേശമാണിത്. അഫ്ഗാനിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കുനേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സുരക്ഷാസൈനികരെത്തി ആറുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ നാലുഭീകരരും കൊല്ലപ്പെട്ടതായി അഫ്ഗാൻ വാർത്താ ചാനൽ ടോളോ ന്യൂസ് റിപ്പോർട്ടുചെയ്തു.
സുരക്ഷയ്ക്ക് നിർത്തിയിരുന്ന പോലീസിനെ മറികടന്നാണ് ഭീകരർ ഗുരുദ്വാരയ്ക്കകത്ത് കയറിയത്. ആക്രമണം നടന്നയുടൻ സുരക്ഷാസൈനികർ സ്ഥലത്തെത്തി. കനത്ത ഏറ്റുമുട്ടലാണ് നടന്നതെന്നും നാലുഭീകരരും കൊല്ലപ്പെട്ടതായും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് താരിഖ് അരിയാൻ സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കുടുങ്ങിയവരെ സുരക്ഷാസേന നേരത്തേ പുറത്തെത്തിച്ചിരുന്നു. 11 കുട്ടികളെ ഗുരുദ്വാരയിൽനിന്ന് രക്ഷപ്പെടുത്തിയതായി അഫ്ഗാൻ പോലീസ് പറഞ്ഞു.
സിഖ് വംശജർ നേരത്തേയും അഫ്ഗാനിൽ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രണ്ടുവർഷം മുമ്പുണ്ടായ ഐ.എസ്. ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ ഗുരുദ്വാരകൾ ഉണ്ടായിരുന്ന സ്ഥലമാണ് ഷോർ ബസാർ. എന്നാൽ, 1980-കൾക്കുശേഷമുണ്ടായ ഏറ്റുമുട്ടലുകളിലും മറ്റുമായി പലതും തകർക്കപ്പെട്ടു.
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ചില രാജ്യങ്ങളിൽ ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങൾ ഇപ്പോഴും വേട്ടയാടപ്പെടുന്നതിന്റെ പുതിയ തെളിവാണിതെന്നും ആക്രമണത്തിനിരയാകുന്നവർക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
Content Highlights: Several Sikhs feared dead in Gurudwara terror attack in Kabul