ബെർലിൻ: പശുക്കളെ മൂത്രപ്പുര ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയാണ് ജർമനിയിലെ ഗവേഷകർ. ഇത്‌ ഹരിതഗൃഹവാതകങ്ങളുണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ വാദം.

പശുവിന്റെ മൂത്രത്തിലുള്ള അമോണിയ മണ്ണിൽ കലരുമ്പോൾ ഹരിതഗൃഹവാതകമായ നൈട്രസ് ഓക്സൈഡ് ഉണ്ടാകുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു.

‘മൂലൂ’ പരീക്ഷണം

പരീക്ഷണത്തിന് ‘മൂലൂ’ എന്നാണ് ഗവേഷകർ പേരിട്ടത്. 16 പശുക്കളെയാണ് ഇതുപ്രകാരം പരിശീലിപ്പിച്ചത്.

*ആദ്യമായി പ്രത്യേകം സജ്ജീകരിച്ച മൂത്രപ്പുരയിൽ മൂത്രമൊഴിച്ച പശുക്കൾക്ക് പ്രതിഫലമായി ഭക്ഷണം നൽകി. തൊഴുത്തിനുപുറത്ത് മൂത്രമൊഴിച്ച പശുക്കളുടെമേൽ ശിക്ഷയായി മൂന്നുസെക്കന്റോളം വെള്ളം പമ്പുചെയ്തു.

* പിന്നീട് പശുക്കളും ടോയ്‌ലറ്റും തമ്മിലുള്ള ദൂരം വർധിപ്പിച്ചു. ടോയ്‌ലറ്റിൽനിന്നുള്ള ദൂരം കൂടുന്തോറും പ്രതിഫലവും ശിക്ഷയും തുടർന്നു.

*10 പരിശീലനഘട്ടങ്ങൾക്കുശേഷം 11 പശുക്കളും ടോയ്‌ലറ്റ് ഉപയോഗം വിജയകരമായി പരിശീലിച്ചു. ഇതേ മാതൃകയിൽ കന്നുകാലികളുടെ മൂത്രം മണ്ണുമായി കലരുന്നത് തടയാനായാൽ അമോണിയ പുറന്തള്ളുന്നത് 56 ശതമാനം കുറയാൻ ഇടയാക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ലോകത്ത് മനുഷ്യന്റെ പ്രവർത്തനങ്ങൾകൊണ്ടുണ്ടാകുന്ന ഹരിതഗൃഹവാതക പുറന്തള്ളലിന്റെ പത്തുശതമാനവും കന്നുകാലി വളർത്തലിൽനിന്നാണെന്നത് പരീക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.

ഹരിതഗൃഹവാതകങ്ങൾ

ജലബാഷ്പം, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, ഓസോൺ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ(സി.എഫ്.സി.)

ഓസോൺപാളികളിലെ വിള്ളൽ

ഹരിതഗൃഹവാതകങ്ങളുെട ആധിക്യം ഓസോൺപാളിയിൽ വിള്ളലുണ്ടാക്കുന്നു. അൾട്രാവയലറ്റ് രശ്മികൾ സി.എഫ്.സിയെ വിഘടിപ്പിച്ച് ക്ലോറിനെ വേർതിരിക്കുന്നു. ക്ലോറിൻ ഉത്‌പ്രേരകമായി പ്രവർത്തിച്ച് ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കും. ഓസോൺപാളിയുടെ സ്വാഭാവിക പുനരുത്‌പാദനശേഷിയെ ഇതുബാധിക്കുകയും ഓസോൺ ശോഷണത്തിന്‌ കാരണമാകുകയും ചെയ്യും.

പ്രത്യാഘാതങ്ങൾ

വായുമലിനീകരണം വർഷംതോറും 70 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഭൗമാന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു. ലോകത്തെ 80 ശതമാനത്തിലേറെപ്പേർക്കും ശുദ്ധവായു ലഭിക്കുന്നില്ലെന്ന്‌ ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു

ചൂടുകൂടുന്നു കാർബൺബഹിർഗമനം തുടരുന്നത് കടുത്ത ചൂടിനും അതുവഴി ധ്രുവപ്രദേശങ്ങളിൽ മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു.

അമ്ലമഴ കാർബൺ ഡൈ ഓക്സൈഡും നൈട്രസ് ഓക്സൈഡും മഴവെള്ളത്തിൽ ലയിച്ചുചേരുന്നത് അമ്ലമഴയ്ക്ക് വഴിവെക്കും