ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് ഹൈടെക് സംവിധാനം ഒരുക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു.

സാങ്കേതികവിദ്യ ഉപയോഗിച്ച് തീർഥാടനം അനായാസമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവിട്ടു. പത്തുവർഷത്തിനകം നടപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യകൾ സംബന്ധിച്ച വീഡിയോയാണ് മന്ത്രാലയം പുറത്തിറക്കിയത്.

തീർഥാടകർക്ക് ഇലക്‌ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയർഫോൺ എന്നിവയടങ്ങിയ കിറ്റ് യാത്രപുറപ്പെടുന്ന കേന്ദ്രങ്ങളിൽനിന്നുതന്നെ വിതരണം ചെയ്യും. ഇതുപയോഗിച്ച് ചെക്ക് ഇൻ നടപടികളും എമിഗ്രേഷൻ ക്ലിയറൻസും ഉൾപ്പെടെയുള്ളവ വേഗത്തിൽ പൂർത്തീകരിക്കാം. പുണ്യനഗരങ്ങളിൽ തീവണ്ടികളിൽ സഞ്ചരിക്കാനും ഹോട്ടലുകളിൽ താമസത്തിനും ഇലക്‌ട്രോണിക് ബാഡ്ജ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും.

തീർഥാടകർക്കുള്ള നിർദേശങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ഇയർഫോൺ വഴി ലഭ്യമാകും. മസ്ജിദുൽ ഹറമിൽ പ്രദക്ഷിണം പൂർത്തിയാക്കുമ്പോഴും സഫാ, മർവാ കുന്നുകൾക്കിടയിൽ നടക്കുമ്പോഴും ആവശ്യമായ നിർദേശങ്ങൾ ലഭിക്കും. തീർഥാടകരുടെ മൊബൈൽ ഫോണുമായി ഇലക്‌ട്രോണിക് ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ സൗകര്യമുണ്ടാകും. കാണാതാകുന്ന തീർഥാടകരെ കണ്ടെത്താനും തീർഥാടകർക്ക്‌ പരസ്പരം ആശയവിനിമയം നടത്താനും പുതിയസംവിധാനം ഉപകരിക്കും.