ബ്രിഡ്ജ്ടൗൺ: കോളനി ഭരണത്തിന്റെ ശേഷിപ്പുകൾ ഒഴിവാക്കിക്കൊണ്ട് ബാർബഡോസിന്റെ ആദ്യ പ്രസിഡന്റായി സാൻഡ്ര മേസണെ (72) തിരഞ്ഞെടുത്തു. പരമാധികാര റിപ്പബ്ലിക്കാകുന്നതിന്റെ ഭാഗമായി ഔദ്യോഗിക രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന്‌ ബ്രിട്ടീഷ് രാജ്ഞിയെ നീക്കം ചെയ്തുകൊണ്ടാകും സാൻഡ്ര രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാകുന്നത്.

ബ്രിട്ടനിൽനിന്ന്‌ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 55-ാം വാർഷികദിനമായ നവംബർ 30-നാകും സാൻഡ്ര സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുക. 2018-മുതൽ രാജ്യത്തിന്റെ ഗവർണർ ജനറലാണ് സാൻഡ്ര.

കഴിഞ്ഞവർഷമാണ് രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന്‌ ബ്രിട്ടീഷ് രാജ്ഞിയെ നീക്കം ചെയ്യുന്നതായി ബാർബഡോസ് സർക്കാർ പ്രഖ്യാപിച്ചത്. കോളനിവത്കരണത്തിന്റെ ഭൂതകാലത്തെ പൂർണമായും ഒഴിവാക്കാൻ രാജ്യം തീരുമാനിച്ചതായി സർക്കാർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിൽനിന്ന്‌ സ്വാതന്ത്ര്യം ലഭിച്ച ശേഷം പൂർണ റിപ്പബ്ലിക് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമല്ല ബാർബഡോസ്. ഗയാന 1970-ലും ട്രിനിഡാഡ് ആൻഡ് ടൊബാഗോ 1976-ലും ഡൊമിനിക്ക 1978-ലും പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരുന്നു.