മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ 12 ദിവസം നീണ്ടുനിന്ന സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ നടി യുലിയ പെരെസീൽഡും സംവിധായകൻ ക്ലിൻ ഷിപെൻകോയും ഭൂമിയിൽ തിരിച്ചെത്തി. ആറുമാസമായി നിലയത്തിൽ കഴിയുകയായിരുന്ന റഷ്യൻ ബഹിരാകാശയാത്രികൻ ഒലെഗ് നോവിറ്റ്സ്കിക്കൊപ്പമാണ് തിരിച്ചുവരവ്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 10.06-ന് കസാഖ്സ്താനിലെ പുൽ മൈതാനത്താണ് മൂവരും വന്നിറങ്ങിയത്. റോസ്കോസ്‌മോസിന്റെ സോയൂസ് എം.എസ്.-19 വാഹനത്തിൽ മൂന്നര മണിക്കൂർ നീളുന്നതായിരുന്നു നിലയത്തിൽനിന്നുള്ള യാത്ര.

ഒക്ടോബർ അഞ്ചിന് കസാഖ്സ്താനിലെ ബയ്ക്കനൂരിൽനിന്നാണ് സിനിമാചിത്രീകരണത്തിനായി സംഘം ബഹിരാകാശ നിലയത്തിലേക്ക് പോയത്. മുതിർന്ന ബഹിരാകാശയാത്രികൻ ആന്റൺ ഷ്കപ്ലെരോവും ഒപ്പമുണ്ടായിരുന്നു.

ഹൃദ്രോഗം വന്ന് ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോയ യാത്രികനെ രക്ഷിക്കാനെത്തുന്ന വനിതാ സർജന്റെ കഥപറയുന്ന ചാലഞ്ച് എന്ന സിനിമയുടെ ഒരു ഭാഗമാണ് സംഘം നിലയത്തിൽ ചിത്രീകരിച്ചത്. നോവിറ്റ്സ്കിയാണ് യാത്രികന്റെ വേഷമിടുന്നത്. ഷ്കപ്ലെരോവും രണ്ട് റഷ്യൻ ബഹിരാകാശ യാത്രികരും അതിഥി വേഷത്തിലെത്തും. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്പേസ്എക്സ് സ്ഥാപകൻ എലൺ മസ്‌കിനും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കും ഒപ്പം ചേർന്ന് ഹോളിവുഡ് സൂപ്പർ താരം ടോംക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവരെയാണ് റഷ്യ കടത്തിവെട്ടിയത്.

content highlights: russian team returns from space after movie shoot