‌മോസ്കോ: പെൻഷൻപ്രായം വർധിപ്പിക്കുന്നതിൽ റഷ്യയിൽ കമ്യൂണിസ്റ്റുപാർട്ടി നേതൃത്വത്തിൽ സമരം. ശനിയാഴ്ച രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനടന്ന റാലിയിൽ പതിനായിരങ്ങൾ അണിനിരന്നതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരേ പ്രക്ഷോഭങ്ങൾ അപൂർവമായ റഷ്യയിൽ പെൻഷൻ പ്രായവർധനയിൽ പതിവില്ലാത്ത പ്രതിഷേധമാണുയരുന്നത്. ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലുള്ള ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 29 ലക്ഷം പേർ ഒപ്പിട്ട നിവേദനം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

സ്ത്രീകളുടെ പെൻഷൻപ്രായം 55-ൽനിന്ന് 63 ആയും പുരുഷന്മാരുടേത് 60-ൽനിന്ന് 65 ആയുമാണ് വർധിപ്പിക്കുന്നത്. രാജ്യത്തെ പുരുഷൻമാരുടെ ശരാശരി ആയുസ്സ് അറുപതുകളാണെന്നതിനാൽ പെൻഷൻ ആനുകൂല്യം പറ്റാൻ ജീവിതം ബാക്കിയുണ്ടാവില്ലെന്നാണ് സമരക്കാർ പറയുന്നത്.

മാർച്ചിൽനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന് പുതിൻ വ്യക്തമാക്കിയിരുന്നു. മേയ് മാസത്തെ സർവേയിൽ 80 ശതമാനത്തിന്റെ പിന്തുണയുണ്ടായിരുന്ന പുതിന്റെ സ്വീകാര്യത ഇപ്പോൾ കുത്തനെ കുറഞ്ഞിട്ടുണ്ട്.