മോസ്കോ: 2025-ഓടെ സ്വന്തമായി ബഹിരാകാശനിലയം തുറക്കുമെന്ന പ്രഖ്യാപനവുമായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്്‌കോസ്മോസ്. പുതിയ സ്റ്റേഷന്റെ നിർമാണം തുടങ്ങിയെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐ.എസ്.എസ്.) പദ്ധതികളിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്നും റോസ്‌കോസ്മോസ് മേധാവി ദിമിത്രി റൊഗോസിൻ ടെലഗ്രാമിലൂടെ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളുമായി പൂർണസഹകരണം നിലനിന്നിരുന്ന ഒരേയൊരു രംഗത്തുനിന്നും പുതിയ നീക്കത്തിലൂടെ റഷ്യ പിന്മാറുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്.

1998-ൽ സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ പ്രവർത്തനം റഷ്യ, യു.എസ്., കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഏജൻസികളുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും സഹകരണത്തോടെയാണിപ്പോൾ നടന്നുവരുന്നത്. 2025-ഓടെ ഐ.എസ്.എസ്. വിടുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ് നേരത്തേ സൂചന നൽകിയിരുന്നു.

പ്രതിപക്ഷനേതാവ് അലെക്സി നവെൽനി, റഷ്യയുടെ യുക്രെയിൻ അതിർത്തിയിലെ അധിനിവേശം തുടങ്ങിയ വിഷയങ്ങളിൽ ലോകരാജ്യങ്ങൾ റഷ്യക്കെതിരേ വിമർശനമുയർത്തുന്നതിനിടെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.