മോസ്‍കോ: മയക്കുമരുന്നുകേസ് ചുമത്തി റഷ്യ അറസ്റ്റുചെയ്ത പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തകൻ ഇവാൻ ഗോലുനോവിന് മോചനം. ഇവാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന ശക്തമായ ജനകീയപ്രക്ഷോഭത്തെത്തുടർന്നാണ്‌ അധികൃതർ ഗോലുനോവിനെ വിട്ടയച്ചത്.

സ്വതന്ത്ര മാധ്യമസ്ഥാപനമായ ‘മെദുസ’യിലെ റിപ്പോർട്ടറായ ഗോലുനോവിനെ കഴിഞ്ഞയാഴ്ചയാണ് മോസ്‍കോയിൽവെച്ച് പോലീസ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തിന്റെ ബാഗിൽനിന്ന്‌ മയക്കുമരുന്ന് കണ്ടെത്തിയെന്നായിരുന്നു അധികൃതർ പറഞ്ഞത്.

ഗോലുനോവ് മാധ്യമപ്രവർത്തകർക്ക് സെൻസർഷിപ്പ്‌ ഏർപ്പെടുത്തുന്നതിനെതിരേ റിപ്പോർട്ടുകളെഴുതിയിരുന്നു. ഇദ്ദേഹത്തെ നിശ്ശബ്ദനാക്കാനായി പോലീസ് മയക്കുമരുന്നുകേസ് കെട്ടിച്ചമച്ചതെന്നാണ് മാധ്യമപ്രവർത്തകരുടെ ആരോപണം.

ഗുലാനോവിന്റെ പേരിലുള്ള കുറ്റം തെളിയിക്കാനായിട്ടില്ലെന്ന് റഷ്യൻ ആഭ്യന്തരമന്ത്രി വ്ലാദിമിർ കൊളോകോൾറ്റ്‌സേവ് പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlights: Russia, Journalist