മോസ്കോ: അഫ്ഗാനിസ്താൻ പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥചർച്ചകൾക്ക് റഷ്യ, ചൈന, യു.എസ്., പാകിസ്താൻ എന്നീ രാജ്യങ്ങൾ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ചൊവ്വാഴ്ച പറഞ്ഞു. രാജ്യത്ത് സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിലൂടെ മേഖലയിലെ ഭീഷണി അവസാനിപ്പിക്കാം. എന്നാൽ, മധ്യേഷ്യയിലേക്ക് അഫ്ഗാൻ അഭയാർഥികൾ വരുന്നതും മേഖലയില്‍ യു.എസ്. സേനാ സാന്നിധ്യമുണ്ടാകുന്നതും റഷ്യക്ക് എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിലെ മുൻ സോവിയറ്റ് യൂണിയൻ രാഷ്ട്രങ്ങളുമായി അടുത്ത ബന്ധമാണ് റഷ്യ പുലർത്തുന്നത്.

കശ്മീര്‍ പിടിക്കാൻ താലിബാൻ സഹായിക്കും -പാക് ഭരണകക്ഷി നേതാവ്

ഇസ്‌ലാമാബാദ്: ജമ്മുകശ്മീർ പിടിച്ചെടുക്കാൻ താലിബാൻ പാകിസ്താനെ സഹായിക്കുമെന്ന് പാക് ഭരണകക്ഷിയായ തെഹ്‌രീകെ ഇൻസാഫിന്റെ മുതിർന്ന നേതാവ് നീലം ഇർഷാദ് ശെയ്ഖ്. ഒരു ടെലിവിവിഷൻ ചർച്ചയ്ക്കിടെയാണ് നീലം വിവാദപരാമർശം നടത്തിയത്. പാക് സൈന്യവും താലിബാനും തമ്മിലുള്ള അടുത്ത ബന്ധവും ഇന്ത്യ വിരുദ്ധ അജൻഡയും ഇതിലൂടെ വ്യക്തമാണെന്ന് നിരീക്ഷകർ പറഞ്ഞു. കശ്മീരിൽ പാകിസ്താനുമായി കൈകോർക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് നീലത്തിന്റെ വാദം. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര, ഉഭയകക്ഷി വിഷയമാണെന്നാണ് താലിബാൻ നേരത്തേ വ്യക്തമാക്കിയത്.

* അഫ്ഗാനിസ്താനെ കരിമ്പട്ടികയിൽ പെടുത്തുന്ന കാര്യം ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നു. ഇത് നടപ്പായാൽ അഫ്ഗാനിസ്താൻ സന്ദർശിക്കുന്നവർക്ക് പത്തുകൊല്ലം വരെ തടവുശിക്ഷ ലഭിക്കും

* താലിബാൻ വിരുദ്ധ സായുധസേന കരുത്താര്‍ജിച്ചു വരുന്ന പഞ്ച്‌ഷീറിലെ അന്ദറാബ് താഴ്‌വരയിലേക്ക് ഭക്ഷണവരവ് താലിബാൻ തടസ്സപ്പെടുത്തുന്നതായി മുൻ വൈസ് പ്രസിഡൻറും ‘കാവൽ പ്രസിഡൻറുമായ’ അമറുല്ല സാലി ആരോപിച്ചു

* ഒഴിപ്പിക്കൽ ഓഗസ്റ്റ് 31-നുമപ്പുറത്തേക്കും നീട്ടണമെന്ന് നോർവീജിയൻ വിദേശകാര്യമന്ത്രി ഐൻ എറിക്സൺ സോയ്‌റീഡ് ആവശ്യപ്പെട്ടു.

* ബ്രിട്ടൻ ഇതുവരെ 8600 പേരെ ഒഴിപ്പിച്ചു. ഓസ്ട്രേലിയ 1600-ഉം

* യു.എസ്. ദൗത്യമവസാനിപ്പിക്കുന്ന 31-നു മുമ്പ് രക്ഷപ്പെടാനാഗ്രഹിക്കുന്ന മുഴുവൻ പേരെയും ഒഴിപ്പിക്കാനാവില്ലെന്ന് ബ്രിട്ടനും ജർമനിയും