മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെ പിന്തുണയ്ക്കുന്ന റഷ്യയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. താന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മോശം മനുഷ്യനാണ് അസദെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്നത് റഷ്യക്കും പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും നല്ലതല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഖാന്‍ഷെയ്ക്കൂണ്‍ നഗരത്തില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ രാസായുധാക്രമണം നടത്തി 87 പേരുടെ ജീവനെടുത്ത സംഭവത്തെ കണ്ടില്ലെന്നുനടിക്കാനാവില്ല. അതിനാലാണ് സിറിയയില്‍ മിസൈലാക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപ് യു.എസ്.പ്രസിഡന്റ് ആയതോടെ റഷ്യയും അമേരിക്കയും തമ്മിലുള്ള സൈനികബന്ധം വഷളായതായി പുതിന്‍ മറുപടിനല്‍കി. സിറിയയില്‍ അമേരിക്ക അന്താരാഷ്ട്രനിയമം ലംഘിച്ചതായും റഷ്യന്‍ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിന്‍ പറഞ്ഞു. പരസ്​പരം കുറ്റപ്പെടുത്തലുകള്‍ വര്‍ധിച്ചത് സിറിയന്‍പ്രശ്‌നത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിച്ചിരിക്കയാണ്.

യു.എസ്. വിദേശകാര്യസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആശങ്കയറിയിച്ചു. സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് റഷ്യ നിര്‍ത്തണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. അമേരിക്കയുടെ അന്ത്യശാസനത്തിന് വിലകല്പിക്കുന്നില്ലെന്ന് റഷ്യ പറഞ്ഞു.