മോസ്കോ: അഫ്ഗാൻസർക്കാർ പ്രതിനിധികളും താലിബാൻനേതൃത്വവുമായി നവംബർ ഒമ്പതിന് നടക്കുന്ന അന്താരാഷ്ട്ര ചർച്ചയ്ക്ക് മോസ്കോ ആതിഥേയത്വം വഹിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘനിയും താലിബാൻ നേതൃത്വവും പ്രതിനിധികളെ അയയ്ക്കുമെന്ന് ഉറപ്പുനൽകിയതായും റഷ്യ അറിയിച്ചു.

ദോഹയിലുള്ള താലിബാന്റെ രാഷ്ട്രീയകാര്യവിഭാഗം ഓഫീസ് ആദ്യമായാണ് ഇത്തരത്തിലൊരു സമാധാനചർച്ചയ്ക്ക് തയ്യാറാകുന്നത്. ഇന്ത്യ, യു.എസ്., ഇറാൻ, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുെട പ്രതിനിധികളെയും ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട് -റഷ്യ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ചർച്ച സംബന്ധിച്ച് ഇപ്പോഴും റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും അഫ്ഗാൻ വിദേശകാര്യമന്ത്രാലയം വക്താവ് സെബ്ഗതുള്ള അഹമ്മദി പറഞ്ഞു.

ദോഹയിലെ താലിബാൻപ്രതിനിധികളുമായി യു.എസ്. ഉദ്യോഗസ്ഥർ ഈയിടെ രണ്ടുവട്ടം ചർച്ച നടത്തിയിരുന്നു. അതിനുപിന്നാലെയാണ് ചർച്ചയ്ക്ക് വേദിയൊരുക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചത്.

2017-ൽ റഷ്യ ആതിഥേയത്വം വഹിച്ച അഫ്ഗാൻസമ്മേളനത്തിൽ പങ്കെടുക്കാൻ യു.എസിനെ ക്ഷണിച്ചെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിനിധികളെ അയച്ചിരുന്നില്ല.

വീണ്ടും മത്സരിക്കുമെന്ന് അഷ്റഫ് ഘനി

അടുത്തവർഷം നടക്കുന്ന അഫ്ഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധിതേടുമെന്ന് അഷ്റഫ് ഘനി. 2019 ഏപ്രിൽ 20-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഘനിയുടെ മുഖ്യ എതിരാളി ആരാവുമെന്ന് വ്യക്തമായിട്ടില്ല. 2014-ൽ യു.എസ്. നേതൃത്വത്തിലുള്ള നാറ്റോ സഖ്യം പിൻവാങ്ങിയതിനുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഘനി പ്രസിഡന്റായത്. യു.എസുമായി നല്ലബന്ധം സൂക്ഷിക്കുമ്പോൾതന്നെ താലിബാനുമായി സമാധാനചർച്ച ആരംഭിക്കാനും ഘനി ശ്രമംനടത്തിയിരുന്നു.