മോസ്‌കോ: സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണം അവസാനിപ്പിച്ച് റഷ്യയില്‍ തൊഴിലാളികളുടെ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോട് മുഖംതിരിച്ച് പുതിന്‍ സര്‍ക്കാര്‍. വാര്‍ഷികദിനമായ ചൊവ്വാഴ്ച കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ െക്രംലിനില്‍ പ്രകടനം നടത്തിയതൊഴിച്ചാല്‍ ദിനം സംഭവരഹിതമായി കടന്നുപോയി. ഈ ദിനത്തെ മറ്റേതുദിവസത്തെയും പോലെ പരിഗണിക്കുമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞിരുന്നു.

'ലെനിന്റെയും സ്റ്റാലിന്റെയും ജയം', 'ലെനിന്റെ ആശയങ്ങള്‍ വാഴട്ടെ' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രകടനം. ക്രെംലിനിലെ കാറല്‍ മാര്‍ക്‌സ് പ്രതിമയ്ക്കുസമീപം നടന്ന റാലിയില്‍ 5000 പേരിലേറെ പങ്കെടുക്കുന്നത് അധികൃതര്‍ വിലക്കിയിരുന്നു. റഷ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി.

സോവിയറ്റ് കാലഘട്ടത്തില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനമായ നവംബര്‍ ഏഴിന് വന്‍ ആഘോഷമാണ് നടന്നിരുന്നത്. അന്നേദിവസം രാജ്യത്ത് പൊതു അവധിയായിരുന്നു. മോസ്‌കോയിലെ ചുവപ്പ് ചത്വരത്തില്‍ സൈനിക പരേഡും നടന്നിരുന്നു. പുതിന്‍ അധികാരത്തിലേറിയ ശേഷം 2005-ല്‍ ആഘോഷങ്ങളും അവധിയും പരേഡും അവസാനിപ്പിച്ചു.

റഷ്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ പരിപാടികളിലൊന്നില്‍ വിപ്ലവനേതാവ് ലിയോണ്‍ ട്രോട്‌സ്‌കിയെ 'റോക്ക് എന്‍ റോള്‍' പ്രതിഭയായാണ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ വിപ്ലവത്തില്‍ ജര്‍മനിയുടെ പങ്ക് അന്വേഷിക്കുന്നതാണ് മറ്റൊരു ടെലിവിഷന്‍ പരമ്പര.

നൂറാം വാര്‍ഷികത്തെക്കുറിച്ച് റഷ്യയിലെ 58 ശതമാനം പേര്‍ക്കും അറിയില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അയല്‍രാജ്യമായ ബെലാറസില്‍ നവംബര്‍ ഏഴിന് ഇപ്പോഴും പൊതു അവധിയാണ്.