ലണ്ടൻ: ഐ.ടി. ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകൻ ഋഷി സുനാകിനെ (40) ബ്രിട്ടനിൽ ധനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനഃസംഘടനയിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ വംശജന് അവസരം നൽകിയത്.
പാക് വംശജനായ സാജിദ് ജാവിദ് ചാൻസലർ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെത്തുടർന്നാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിയത്. ആഭ്യന്തരമന്ത്രി പ്രീതി പട്ടേലിനെപോലെ സുപ്രധാന വകുപ്പാണ് ഋഷി സുനാകിനും നൽകിയത്.
നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി സുനാക്. 2014-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിൽ ഭവന, പ്രാദേശിക സർക്കാർ വകുപ്പിന്റെ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായും ട്രഷറി മന്ത്രാലയത്തിൽ ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുമ്പ് ഗോൾഡ്മാൻ സാചസിലും ഹെഡ്ജ് ഫണ്ടിലും ജോലിചെയ്തു.
ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ബിരുദവും യു.എസിലെ സ്റ്റാൻഡ്ഫോഡ് സർവകലാശാലയിൽനിന്ന് എം.ബി.എ.യും നേടി. നിക്ഷേപരംഗത്തെ വിദഗ്ധനാണ് ഋഷി സുനാക്.
Content Highlights: Rishi Sunak UK