ജക്കാർത്ത: ഇൻഡൊനീഷ്യയിലെ ബാലി ദ്വീപിൽ 53 പേരുമായി നാവികസേനാ മുങ്ങിക്കപ്പൽ കാണാതായി. ബുധനാഴ്ച പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്ന കെ.ആർ.ഐ. നങ്കാലാ 402 എന്ന മുങ്ങിക്കപ്പലാണ് കാണാതായതെന്ന് സൈനിക മേധാവി ഹാദി ജാഹ്ജാന്റോ പറഞ്ഞു.

ഒരു കമാൻഡറും മൂന്ന് സൈനികരും 49 ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. ബാലിക്കു വടക്ക് 96 കിലോമീറ്റർ മാറിയാണ് കപ്പൽ കാണാതായത്. നാവികസേനയുെട യുദ്ധക്കപ്പലുകൾ പ്രദേശത്ത് വിന്യസിച്ച് തിരച്ചിലുകൾ ആരംഭിച്ചിട്ടുണ്ട്. സിങ്കപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളോട് മുങ്ങിക്കപ്പലുകൾ അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം നടത്താനുള്ള കപ്പലുകൾ നൽകി സഹായിക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. 700 മീറ്റർ ആഴമുള്ള ഗർത്തത്തിലേക്ക് മുങ്ങിക്കപ്പൽ താഴ്ന്നുപോയിട്ടുണ്ടാവാമെന്നാണ് നാവികസേനയുടെ നിഗമനമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജർമൻ നിർമിത മുങ്ങിക്കപ്പൽ 1981-ലാണ് ഇൻഡൊനീഷ്യൻ സൈന്യത്തിന്റെ ഭാഗമായത്.