ബെയ്ജിങ്: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാറിൽ (ആർ.സി.ഇ.പി.) ഇന്ത്യയുന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് ചൈന. പരസ്‍പരധാരണയുടെയും ഉൾക്കൊള്ളലിന്റെയും തത്ത്വങ്ങളാകും കരാറിൽ പിന്തുടരുകയെന്നും ചൈനീസ് വിദേശകാര്യസെക്രട്ടറി ജെങ് ഷുവാങ് പറഞ്ഞു.

ആർ.സി.ഇ.പി. ഒരു തുറന്നകരാറാണ്. കരാറിൽ ചേരാതിരിക്കാൻ ഇന്ത്യയുന്നയിച്ച ആശങ്കകൾ പരിഹരിക്കും. എത്രയുംവേഗം ഇന്ത്യ കരാറിൽ പങ്കാളിയാകുന്നതിനെ സ്വാഗതംചെയ്യുന്നു. കരാർ നടപ്പായാൽ ചൈനയുടെയും മറ്റുരാജ്യങ്ങളുടെയും വിപണിയിൽ കടക്കാൻ ഇന്ത്യൻ ഉത്പന്നങ്ങൾക്കാകും. അതുപോലെത്തന്നെ ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലുമെത്താം. ഇരുഭാഗങ്ങൾക്കും ഗുണം ലഭിക്കുന്ന കരാറാണിത്.

വേഗത്തിൽ വികസിക്കുന്ന രണ്ടുരാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 270 കോടി ജനങ്ങളുള്ള വലിയ വിപണിയാണ് രണ്ടുരാജ്യങ്ങൾക്കും മുന്നിൽ തുറന്നുകിടക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള ഇറക്കുമതി 15 ശതമാനമാണ് വർധിച്ചത്. ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മനഃപൂർവം വർധിപ്പിക്കുന്നതല്ല. നിക്ഷേപത്തിലും ഉത്പാദനത്തിലും ടൂറിസം രംഗത്തും ഇരുരാജ്യങ്ങൾക്കും സഹകരണം വർധിപ്പിക്കാമെന്നും ഷുവാങ് പറഞ്ഞു.

Content Highlights: RCEP China India