ഹാനോയി: ലോകത്തെ ഏറ്റവുംവലിയ സ്വതന്ത്ര വ്യാപാര കൂട്ടായ്മ രൂപവത്കരിക്കുന്നതിനുള്ള മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി.) കരാർ യാഥാർഥ്യമായി. ചൈനയുൾപ്പെടെ 15 ഏഷ്യാ, പസഫിക് രാജ്യങ്ങൾ ഞായറാഴ്ച കരാറിൽ ഒപ്പിട്ടു. വിയറ്റ്നാം ആതിഥേയത്വം വഹിച്ച ആസിയാൻ രാജ്യങ്ങളുടെ വാർഷികസമ്മേളനത്തിൽ ഓൺലൈനായിട്ടായിരുന്നു ഒപ്പിടൽ.

ലോകത്തെ ആകെ വ്യാപാരത്തിന്റെ മൂന്നിലൊന്നും കൂട്ടായ്മയിലെ രാജ്യങ്ങളിലാണ്. ആഭ്യന്തര എതിർപ്പിനെത്തുടർന്ന് ഒട്ടേറെ ആശങ്കകൾ പരിഹരിക്കപ്പെടാനുണ്ടെന്നുകാട്ടി കഴിഞ്ഞവർഷംമുതൽ ആർ.സി.ഇ.പി.യിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയാണ്.

കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറാൻ കൂട്ടായ്മ ഗുണംചെയ്യുമെന്നാണ് ഏഷ്യൻ രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.

അംഗരാജ്യങ്ങൾ

ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, കംബോഡിയ, ഇൻഡൊനീഷ്യ, ലാവോസ്, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലാൻഡ്, വിയറ്റ്നാം, ബ്രൂണൈ, മലേഷ്യ.

പ്രത്യേകതകൾ

* അംഗരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരത്തിനുള്ള ചുങ്കം ഇപ്പോഴുള്ളതിലും കുറയും

* ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നു മേഖലയും കൂട്ടായ്മയിൽ വരുന്നു

* 360 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന കരാറായിരുന്നു ലക്ഷ്യം. ഇന്ത്യ പിൻമാറിയെങ്കിലും അംഗരാജ്യങ്ങളിലെല്ലാമായി 200 കോടിയിലേറെയാളുകൾ ഇപ്പോഴുമുണ്ട്.