ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ എലിസബത്ത് രാജ്ഞി ഇടപെടുന്നു. രാജകീയ അധികാരങ്ങളും പദവികളും ഉപേക്ഷിക്കാനൊരുങ്ങുന്ന കുടുംബത്തിലെ ഇളമുറക്കാരൻ ഹാരി രാജകുമാരനെയും ഭാര്യ മേഗൻ മാർക്കലിനെയും ഭാവികാര്യങ്ങൾ സംസാരിക്കാൻ നേരിട്ടുകാണാൻ എലിസബത്ത് രാജ്ഞി ക്ഷണിച്ചു. തിങ്കളാഴ്ച എത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഹാരിക്കുപുറമെ സഹോദരൻ വില്യം രാജകുമാരൻ, ഇവരുടെ പിതാവ് ചാൾസ് രാജകുമാരൻ എന്നിവരേയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. രാജ്ഞിയുടെ നോർഫോൾക്കിലെ വസതിയിൽ നടക്കുന്ന ചർച്ചയിൽ പക്ഷേ, മാർക്കൽ പങ്കെടുത്തേക്കില്ല. എട്ടുമാസം പ്രായമായ മകൻ ആർച്ചിക്കൊപ്പം കാനഡയിലാണ് മാർക്കൽ ഉള്ളത്. ടെലിഫോൺ വഴി അവർ ചർച്ചയിൽ പങ്കെടുക്കും.
രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളായ എലിസബത്ത് രാജ്ഞിയുടെയും ചാൾസ് രാജകുമാരന്റെയും അറിവോടെയായിരുന്നില്ല ഹാരിയും മേഗൻ മാർക്കലും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്നപദവി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. സഹോദരൻ വില്യമുമായി ഹാരിക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നു. പാപ്പരാസികളും മാധ്യമങ്ങളും വിടാതെ പിന്തുടരുന്നത് കടുത്തമാനസിക സമ്മർദമുണ്ടാക്കുന്നതായും ഇരുവരും പറഞ്ഞിരുന്നു.
അസ്വാരസ്യം ഉടലെടുത്തശേഷം ഇതാദ്യമായാണ് എലിസബത്ത് രാജ്ഞി ഹാരിയുമായി മുഖാമുഖം കാണുന്നത്. ദമ്പതികളുടെ ഭാവിപദ്ധതികളും ഇരുവരും രാജകുടുംബത്തിൽ പദവികളുമായി തിരിച്ചെത്തുമോ എന്നതും കൂടിക്കാഴ്ചയിൽ വ്യക്തമാകും.
Content Highlights: queen elizebath calls prince harry for crisis meeting