ക്വിബെക്: കാനഡയിലെ ക്വിബെക്കില്‍ മുസ്ലിം പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ആറുപേരെ വധിച്ച സംഭവത്തില്‍ പിടിയിലായ വിദ്യാര്‍ഥിക്കുമേല്‍ പോലീസ് കൊലക്കുറ്റം ചുമത്തി. ഫ്രഞ്ച് വംശജനായ അലക്‌സാന്‍ഡ്രെ ബിസൊണെറ്റാണ് (27) കുറ്റകൃത്യത്തിനുശേഷം അന്വേഷണവുമായി സഹകരിക്കാമെന്ന് പോലീസിനെ വിളിച്ചറിയിച്ചത്.

തുടര്‍ന്ന് ക്വിബെക് സിറ്റിയില്‍നിന്ന് ലെ ഡി ഓര്‍ലിയന്‍സിലേക്കുള്ള പാലത്തില്‍നിന്ന് ഇയാളെ പോലീസ് അറസ്റ്റുചെയ്ത് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. കൊലക്കുറ്റത്തിനൊപ്പം വധശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത മൊറോക്കന്‍ വംശജനെ സാക്ഷിയാക്കുമെന്ന് പോലീസ് അറിയിച്ചു.

പള്ളിക്കടുത്തുള്ള ലാവല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്നു അലക്‌സാന്‍ഡ്രെ. തീവ്രവലതുപക്ഷക്കാരനാണ്. വെടിവെപ്പില്‍ പരിക്കേറ്റ 19 പേരില്‍ അഞ്ചുപേര്‍ ആസ്​പത്രിവിട്ടിട്ടില്ല. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.