ഇസ്‌ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും വിവരങ്ങളും നൽകണമെന്ന് ഇന്ത്യയോട് പാകിസ്താൻ. ഐക്യരാഷ്ട്രസഭ നിരോധിച്ച സംഘടനയുടെ ക്യാമ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നതിന്റെയും തെളിവുകൾ പാകിസ്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. “പുൽവാമ സംഭവത്തിന്റെ പ്രാഥമികാന്വേഷണ വിവരങ്ങൾ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയുമായി വിദേശകാര്യ സെക്രട്ടറി തെഹ്‌മിന ജാൻജുവ പങ്കുവെച്ച”തായി പാക് വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറയുന്നു. ഭീകരാക്രമണത്തെ ‘പുൽവാമ സംഭവം’ എന്നാണ് പ്രസ്താവനയിൽ വിശേഷിപ്പിച്ചത്.
ഫെബ്രുവരി 27-ന് ഇന്ത്യയിലെ പാക് ആക്ടിങ് ഹൈക്കമ്മിഷണർക്ക് പുൽവാമ ഭീകരാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്കുവ്യക്തമാക്കുന്ന തെളിവ് ഇന്ത്യ നൽകിയിരുന്നു. ഇന്ത്യ ‘വിശ്വസനീയമായ തെളിവുകൾ’ നൽകിയാൽ അന്വേഷണത്തിൽ സഹകരിക്കാമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.