ഹോങ്‍കോങ്: ജനാധിപത്യവാദികളുടെ പ്രക്ഷോഭത്തിൽ ഹോങ്‍കോങ് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടർച്ചയായ രണ്ടാംദിവസവും തടസ്സപ്പെട്ടു. വെള്ളിയാഴ്ച മുതലാരംഭിച്ച വിമാനത്താവള ഉപരോധം ശക്തിയായതോടെ തിങ്കളാഴ്ചയാണ് വിമാനത്താവളം അടച്ചത്. അയ്യായിരത്തോളംപേരാണ് വിമാനത്താവളത്തിനുള്ളിൽ പ്രക്ഷോഭം നടത്തുന്നത്.

വിമാനസർവീസുകളെല്ലാം റദ്ദാക്കിയതോടെ ഒട്ടേറെ യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹോങ്‍കോങ്ങിലേത്.

പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ഹോങ്‌കോങ് ഭരണാധികാരി കാരി ലാം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ഹോങ്‍കോങ് അപകടകരമായ സാഹചര്യത്തിലാണെന്നും പ്രക്ഷോഭത്തിന്റെ ഭാഗമായുണ്ടാകുന്ന അക്രമസംഭവങ്ങൾ തിരിച്ചുവരാനാകാത്തവിധം മേഖലയെ തകർക്കുമെന്നും ലാം പറഞ്ഞു. അതേസമയം, സമരത്തോട് അധികൃതർ സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗം മേധാവി മിഷേൽ ബാച്‍ലൈറ്റ് ചൊവ്വാഴ്ച ഹോങ്‍കോങ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സമരക്കാർക്കുനേരെ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ബാച്‍ലൈറ്റ് പറഞ്ഞു. ഞായറാഴ്ച സമരക്കാരും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു.

Content Highlights: Protests: Hong Kong airport remain closed