ഹോങ്‍കോങ്: ഹോങ്‍കോങ്ങിൽ ജനാധിപത്യവാദികളുടെ പ്രതിഷേധം ശക്തമായതോടെ ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാർ വിമാനത്താവള ഉപരോധത്തിന് തുടക്കമിട്ടത്.

പ്രതിഷേധക്കാർ അധികമായെത്തിയത്‍ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ പറഞ്ഞു. അയ്യായിരത്തിലേറെ പ്രതിഷേധക്കാർ വിമാനത്താവളത്തിലുള്ളതായാണ് കണക്ക്. തിങ്കളാഴ്ചത്തെ എല്ലാവിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. 160-ലേറെ വിമാനസർവീസുകളാണ് റദ്ദാക്കിയത്.

ഹോങ്‍കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹോങ്‍കോങ് ഭരണകൂടത്തിന്റെ വിവാദമായ കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് വിമാനത്താവളം ഉപരോധിക്കുന്നത്. ബിൽ സർക്കാർ റദ്ദാക്കിയെങ്കിലും ചൈനയിൽനിന്ന് പൂർണസ്വാതന്ത്ര്യമാവശ്യപ്പെട്ട് ജനാധിപത്യവാദികൾ ആഴ്ചകളായി പ്രതിഷേധം തുടരുകയാണ്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിലൂടെ അന്താരാഷ്ട്രതലത്തിൽനിന്നുള്ള പിന്തുണ നേടുകയാണ് സമരക്കാരുടെ ലക്ഷ്യം.

Content Highlights: Protests: Hong Kong airport