കാബൂൾ: അഫ്ഗാനിസ്താനിലെ പാകിസ്താൻ ഇടപെടലുകൾക്കെതിരേ കാബൂളിലെ പാക് കാര്യാലയത്തിനുമുമ്പിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ ചൊവ്വാഴ്ച പ്രതിഷേധിച്ചു. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ താലിബാൻ ആകാശത്തേക്ക് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പഞ്ച്ശീറിൽ പ്രതിരോധസേനയുമായുള്ള ഏറ്റുമുട്ടലിനിടെ താലിബാനെ സഹായിച്ചുകൊണ്ട് പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് റാലി നടന്നത്.

പാക് സർക്കാരിന്റെ യന്ത്രപ്പാവയായ സർക്കാരിനെ തങ്ങൾക്കാവശ്യമില്ലെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ. അഫ്ഗാനിസ്താനിൽനിന്ന്‌ വിട്ടുനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. താലിബാൻ സർക്കാർ രൂപവത്കരണം സംബന്ധിച്ച അന്തിമതീരുമാനമെടുക്കുന്നതിനായി ഐ.എസ്.ഐ. തലവൻ ഫായിസ് അഹമ്മദ് കാബൂളിലെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ താലിബാൻ നടത്തിയ വെടിവെപ്പിനിടെ ആളുകൾ സുരക്ഷിതയിടംതേടി ഓടിരക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ പഞ്ച്ശീർ പിടിച്ചതായി അവകാശപ്പെട്ട് താലിബാൻ നടത്തിയ ആഘോഷവെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത ചില മാധ്യമപ്രവർത്തകർ അറസ്റ്റുചെയ്യപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.