ഹോങ്‌കോങ്: കനത്തമഴയും വകവെക്കാതെ ഹോങ്‌കോങ്ങിൽ ജനാധിപത്യവാദികളുടെ പ്രതിഷേധം. ചൈനീസ് പിന്തുണയുള്ള ഭരണാധികാരി കാരി ലാമിന്റെ നയങ്ങൾക്കുനേരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം ആഴ്ചാവസാനങ്ങളിൽ വീണ്ടും ശക്തമാവുകയാണ്.

ഞായറാഴ്ച പ്രധാന റോഡുകളെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. കാരി ലാം കൊണ്ടുവന്ന, കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാൻ അനുവാദം നൽകുന്ന വിവാദബില്ലാണ് ജൂണിൽ പ്രതിഷേധം ആരംഭിക്കാൻ കാരണമായത്. ബിൽ അവതരിപ്പിക്കില്ലെന്ന് പിന്നീട് അധികൃതർ അറിയിച്ചെങ്കിലും അറസ്റ്റിലായവരെയെല്ലാം മോചിപ്പിക്കണമെന്നും ചൈനയിൽനിന്ന് പൂർണ സ്വാതന്ത്ര്യം വേണമെന്നും കൂടുതൽ അവകാശങ്ങൾ വേണമെന്നുമാണ് ഇപ്പോൾ ജനാധിപത്യവാദികൾ ആവശ്യപ്പെടുന്നത്.

ഞായറാഴ്ചത്തെ പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നേരത്തേ നടന്നവയെല്ലാം ഏറ്റുമുട്ടലിൽ കലാശിച്ചതിനാൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഹോങ്‌കോങ് പോലീസ് ഏർപ്പെടുത്തിയത്. അതിർത്തിക്കപ്പുറത്ത് ഷെൻഷെനിൽ ചൈന പ്രതിഷേധക്കാരെ നേരിടാൻ സൈനികർക്ക് നൽകുന്ന പ്രത്യേക പരിശീലനം ഞായറാഴ്ചയും തുടരുകയുംചെയ്തു. ഇതോടെ പ്രതിഷേധം അടിച്ചമർത്താൻ ചൈന സേനയെ അയക്കുമെന്ന അഭ്യൂഹവും ശക്തമായി.

1997-ലാണ് ബ്രിട്ടൻ തങ്ങളുടെ കോളനിയായിരുന്ന ഹോങ്‌കോങ്ങിനെ ചൈനയ്ക്ക് കൈമാറുന്നത്. കരാർപ്രകാരം 2047 വരെ ഹോങ്‌കോങ് അർധ സ്വയംഭരണപ്രദേശമായി തുടരും.

Content Highlights: protesters conducts march in hong kong