മിനിയാപോളിസ്: യു.എസിലെ മിനസോട്ടയിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡ് പോലീസ് പീഡനത്തിൽ മരിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധം കൂടുതൽ നഗരങ്ങളിലേക്ക്. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ കടകൾ കൊള്ളയടിച്ചു. കെട്ടിടങ്ങൾക്ക് നാശനഷ്ടം വരുത്തി. തുടർച്ചയായ മൂന്നാം ദിവസവും മിനസോട്ടയിൽ അശാന്തമായ അന്തരീക്ഷമാണ്.

പ്രതിഷേധം കാലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ക്രമസമാധാനം നിയന്ത്രിക്കാൻ മിനസോട്ട ഗവർണർ ടിം വാൽസ് സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടു.

മിനിയാപോളിസ് നഗരത്തിൽ അറസ്റ്റിലായ ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജന്റെ കഴുത്തിൽ ഡെറിക് ഷോവിൻ എന്ന പോലീസ് ഓഫീസർ മുട്ടുകുത്തിനിൽക്കുന്ന ദൃശ്യങ്ങൾ തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തനിക്ക് ശ്വസിക്കാനാകുന്നില്ലെന്നും വെള്ളം വേണമെന്നും അപേക്ഷിക്കുന്ന ഫ്ലോയ്ഡ് പതിയെ നിശ്ശബ്ദനാകുന്നതും ചലനം നിലയ്ക്കുന്നതും പോലീസുകാരനോട് കാലെടുക്കാൻ കാഴ്ചക്കാർ അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽകാണാം.

കറുത്തവർഗക്കാർക്കെതിരേയുള്ള പോലീസ് അതിക്രമങ്ങളുടെ തുടർക്കഥയാണിതെന്നും പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളിൽ പങ്കുചേരുന്നത്.

content highlights: protest over George Floyd's death