ഹോങ് കോങ്: ലോകത്തിന്റെ പ്രധാന നിക്ഷേപകേന്ദ്രങ്ങളിലൊന്നായ ഹോങ് കോങ് സാമ്പത്തികമാന്ദ്യത്തിൽ. പത്തുവർഷത്തിനിടെ ആദ്യമായി മേഖല സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന് ഹോങ് കോങ് സർക്കാർ സ്ഥിരീകരിച്ചു. അഞ്ചുമാസമായിത്തുടരുന്ന ജനകീയ പ്രക്ഷോഭമാണ് ഹോങ് കോങ് സമ്പദ്‍വ്യവസ്ഥയുടെ താളംതെറ്റിച്ചത്.

2019-’20 സാമ്പത്തിക വർഷത്തെ ആഭ്യന്തരവളർച്ച ലക്ഷ്യം 1.3 ശതമാനമാക്കി ചുരുക്കി. രണ്ടു മുതൽ മൂന്നു ശതമാനം വരെ വളർച്ച നേടുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. ജൂലായ്-സെപ്റ്റംബർ പാദത്തിലെ ആഭ്യന്തരവളർച്ച 3.2 ശതമാനമായി ചുരുങ്ങി.

“ഈ സാമ്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ ആഭ്യന്തര ആവശ്യത്തിൽ വലിയ ഇടിവുണ്ടായി. മേഖലയിൽ ജനകീയ പ്രക്ഷോഭം തുടരുന്നത് ഉപഭോഗത്തിലും നിക്ഷേപത്തിലുമുള്ള ജനങ്ങളുടെ താത്പര്യം ഇല്ലാതാക്കിയതാണ് കാരണം. പ്രക്ഷോഭം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ചാലേ മേഖലയ്ക്ക് തിരികെ വരാനാകൂ.” -വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഹോങ് കോങ് ഭരണകൂടം വ്യക്തമാക്കി.

പ്രക്ഷോഭത്തെത്തുടർന്ന് മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിലും വൻകുറവുണ്ടായി. ഓഹരിവിപണിയിലും കനത്ത ഇടിവുണ്ടായി. യു.എസുമായുള്ള ചൈനയുടെ വ്യാപാരയുദ്ധം നീളുന്നതും ഹോങ് കോങ് സമ്പദ്‍വ്യവസ്ഥയുടെ തളർച്ചയ്ക്ക് കാരണമായി.