വാഷിങ്ടൺ: അടച്ചിടലിനെതിരേ യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങളരങ്ങേറി. വിർജീനിയ, മിഷിഗൻ, നോർത്ത് കാരലൈന, കെന്റക്കി, കാലിഫോർണിയ, ഒഹായോ, മിനസോട്ട എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മിഷിഗനിലാണ് ഏറ്റവും വലിയ പ്രതിഷേധം. തലസ്ഥാനമായ ലാൻ‍സിങ്ങിൽ മൂവായിരത്തിലേറെപ്പേരാണ് നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങിയത്. ടെക്സസിലെ കാപ്പിറ്റോൾ ബിൽഡിങ്ങിൽ ശനിയാഴ്ച വൻ പ്രതിഷേധം നടത്തുമെന്ന് സമരക്കാർ പറഞ്ഞു. വലതുപക്ഷ സംഘടനകളുടെ സഖ്യമായ ‘മിഷിഗൻ എഗൈൻസ്റ്റ് എക്സസീവ് ക്വാറന്റൈനി’-ന്റെ നേതൃത്വത്തിലായിരുന്നു ‘ഓപ്പറേഷൻ ഗ്രിഡ്‍ലോക്ക്’ എന്നു പേരിട്ട സമരം.

അതേസമയം പ്രതിഷേധക്കാരെ പിന്തുണച്ച് ട്രംപ് രംഗത്തെത്തി. ‘മിനസോട്ടയെയും മിഷിഗനെയും വിർജീനിയയെയും സ്വതന്ത്രമാക്കുക’ എന്ന് ട്രംപ് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഡെമോക്രാറ്റ് ഗവർണർമാർ ഭരിക്കുന്നതാണ് ഈ മൂന്നു സംസ്ഥാനങ്ങളും. ഡെമോക്രാറ്റ് അംഗമായ ന്യൂയോർക്ക് ഗവർണർ ആൻ‍‍ഡ്രൂ കുവോമോയെയും ട്രംപ് വിമർശിച്ചിരുന്നു.

ഇസ്രയേലിലും ലെബനനിലും പ്രതിഷേധം

അടച്ചിടൽ നിയന്ത്രണങ്ങൾക്കെതിരേ ഇസ്രയേലിലും പ്രതിഷേധം കനക്കുന്നു. തീവ്ര യാഥാസ്ഥിതികവാദികളായ ഹരേദികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വ്യാഴാഴ്ച രാത്രിനടന്ന സമരത്തിനുനേരെ പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. അടച്ചിടലിൽ തങ്ങളുടെ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി വിവേചനം കാട്ടിയെന്നാണ് ഹരേദികൾ ആരോപിക്കുന്നത്.

ലെബനനിൽ അടച്ചിടലിനിടെ സർക്കാർവിരുദ്ധ സമരവുമായാണ് പ്രതിഷേധക്കാർ ഇറങ്ങിയത്. അഴിമതിക്കും സാമ്പത്തികപ്രതിസന്ധിക്കുമെതിരേയാണ് പ്രതിഷേധം.

Content Highlights: protest against lock down in America